രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസിന്‍റെ ഏകകണ്ഠമായ അഭിപ്രായം: സി.പി.എം ഒറ്റപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, March 26, 2019

Mullappally-Ramachandran

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ടെന്നും കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഏ.ഐ.സി.സി നേതൃത്വത്തിന് മുമ്പിൽ അവതരിപ്പിച്ചതെന്നും അദ്ദേഹമറിയിച്ചു.

വയനാട്ടിൽ മത്സരിച്ചാൽ രാഹുൽ ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കും. സംസ്ഥാനത്തെ നേതാക്കളുമായും സംസ്ഥാനത്തിന്‍റെ സംഘടനാ ചുമതലയുള്ള മുകുൾ വാസ്‌നിക്കുമായും ചർച്ച നടത്തിയ ശേഷമാണ് ആവശ്യം എ.ഐ.സി.സിയെ അറിയിച്ചത്. മുമ്പും കോൺഗ്രസ് അധ്യക്ഷൻമാർ ദക്ഷിണേന്ത്യയിൽ നിന്നും മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഒറ്റപ്പെട്ട രാഷ്ട്രീയ പാർട്ടിയാണെന്നും അവർ സ്വീകരിക്കുന്നത് വിചിത്ര നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒരിടത്തു നിന്നും ഒരു എം.പി പോലും ജയിക്കാത്ത അവസ്ഥയിലേക്ക് സി.പി.എം മാറി. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് കോടിയേരി സംസാരിച്ചത് വിവേകമില്ലാതെയാണെന്നും കോടിയേരിയുടേത് സംഘപരിവാർ മനസാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കും വേണ്ടാത്ത അവസ്ഥയിലേക്ക് സി.പി.എം മാറിയതിന്‍റെ കാരണക്കാരൻ പിണറായി വിജയനാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.