അധികാരദുർവിനിയോഗവും ധനദുർവിനിയോഗവും നടത്തി കെട്ടിയ വനിതാ മതിൽ കേരളത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മതന്യൂനപക്ഷങ്ങളെ പൂർണമായി മാറ്റിനിർത്തിയ മതിൽ വർഗീയ മതിലാണെന്ന് ഊട്ടിയുറപ്പിക്കുകയും ശിവഗിരി തീർഥാടനത്തെ അലങ്കോലപ്പെടുത്തുകയും ചെയ്തു.
ബന്ദിന് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ മതിൽ കെട്ടിയത്. സർക്കാർ സംവിധാനങ്ങള്‍ പൂർണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സർക്കാർ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകൾക്ക് അവധി കൊടുത്തു. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. ആശുപത്രികളിൽ നിന്ന് ആംബുലൻ വരെ വിട്ടുകൊടുക്കേണ്ടി വന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍റെ ആജ്ഞയ്ക്ക് കീഴടങ്ങാൻ ജനങ്ങൾ നിർബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണി മുഴക്കി ഐ.എ.എസുകാർ, ഐ.പി.എസുകാർ ഉൾപ്പെടെ പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരെയാണ് നിരത്തിലിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കേഴ്‌സ്, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവരെയെല്ലാം തോക്കിന്‍മുനയില്‍ നിർത്തി. ഒരു മാസമായി സർക്കാർ സംവിധാനങ്ങൾ മതിലിന്‍റെ പ്രവർത്തനത്തിലായിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ പ്രവൃത്തി ദിവസമാണ് വൃഥാ ചെലവാക്കിയത്. ഒരു ഫാസിസ്റ്റ് സർക്കാരിനു മാത്രമേ ജനങ്ങളോട് ഇങ്ങനെ പെരുമാറാൻ സാധിക്കുകയുള്ളു.
സർക്കാരിന്‍റെ 50 കോടി രൂപ മതിലിന് ചെലവഴിക്കുമെന്ന് പറഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിനായി ചെലവായിട്ടുണ്ട്. വ്യാപകമായ തോതിൽ ജനങ്ങളിൽ നിന്ന് പിരിവ് നടത്തി. മഹാപ്രളയത്തിൽപ്പെട്ടവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും 10,000 രൂപയ്ക്കുവേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂർത്ത്. മതിൽ കെട്ടാനുള്ള അധ്വാനത്തിന്‍റെയും സമ്പത്തിന്‍റെയും പകുതിയെങ്കിലും പ്രളയദുരിതാശ്വാസത്തിന് ചെലവഴിച്ചിരുന്നെങ്കിൽ അതൊരു വൻ വിജയമായേനെയെന്നും കെ.പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
മതിലിന്‍റെ തുടക്കം മുതൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തെ മാറ്റിനിർത്തിയിരുന്നു. അതിനെതിരേ പ്രതിഷേധം കനത്തപ്പോൾ അവരെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് വൃഥാവിലായി. അവരുടെ ചെറിയ സാന്നിധ്യംപോലും മതിലിൽ ഉണ്ടായില്ല. 86 വർഷമായി ജനുവരി ഒന്നിന് നടക്കുന്ന ശിവഗിരി തീർഥാടന ദിവസം തന്നെ മതിൽ കെട്ടിയത് തീർഥാടനത്തെ പ്രതികൂലമായി ബാധിച്ചു. ശിവഗിരി മഠം തന്നെ ഇതിനെ അപലപിച്ചിട്ടുണ്ട്.
വനിതാ മതിൽ എന്തിനുവേണ്ടിയെന്നോ, ആർക്കു വേണ്ടിയെന്നോ ഇനിയും വ്യക്തമല്ല. ഇതുകൊണ്ട് എന്തുനേടിയെന്നും ആർക്കും അറിയില്ല. ശബരിമല വിഷയവും ലിംഗ സമത്വവുമാണെങ്കിൽ മതിലിൽ അണിനിരന്നവരെ ശബരിമലയിലേക്കു അയയ്ക്കുകയായിരുന്നു വേണ്ടത്. മതിലിൽ നിന്നവർ ആരെങ്കിലും സന്നിധാനത്ത് പോകാൻ തയാറാണോ? ഭാര്യാസമേതം ക്ഷേത്രദർശനം നടത്താറുള്ള സി.പി.എം നേതാക്കൾ വനിതാ മതിലിന്‍റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് പോകുമോയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.