കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ അസ്ഥിരപ്പെടുത്താനെന്ന വാദത്തിന് തെളിവുണ്ടോ ? ; കോടിയേരിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ

 

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നു എന്ന സി പി എം വാദത്തിന് തെളിവുണ്ടോ എന്ന് മുല്ലപ്പള്ളി ചോദിച്ചു. സി പി എമ്മിന്‍റെ തിരുത്തൽ  രേഖയിൽ നേതാക്കൾ മാത്രമല്ല കുടുംബാംഗങ്ങളും സംശയത്തിന് അതീതരായിരിക്കണം എന്ന് പറയുന്നുണ്ട്. കോൺഗ്രസ്- ബിജെപി ബന്ധം ആരോപിക്കുന്ന കോടിയേരി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

രാഷ്ട്രീയമായി മറ്റ് ആരോപണങ്ങൾ ഇല്ലാത്തതിനാലാണ് പഴകിയ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സിപിഎം കോണ്‍ഗ്രസ് ഓഫീസിന്‍റെ തിണ്ണ നിരങ്ങുകയാണ്. എന്ന് മുതലാണ് മാവോയിസ്റ്റുകൾ സിപിഎമ്മിന് കണ്ണിലെ കരടായതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഏറ്റുമുട്ടൽ സിപിഎം നയമാണോ എന്ന് വ്യക്തമാക്കണം. ഭീരുവായ മകനെ ഓർത്ത് കോടിയേരി ലജ്ജിച്ച് തലതാഴ്ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment