തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടാണ് മുഖ്യമന്ത്രി കൊവിഡിനെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.
വികസന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെ കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി. അന്വേഷണം തന്നിലേക്ക് നീങ്ങുന്നെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാന്‍ കാരണം. വിശ്വസ്തനായ സിഎം രവീന്ദ്രനെ ഇപ്പോള്‍ തള്ളിപ്പറഞ്ഞാല്‍ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ രവീന്ദ്രന്‍ തന്നെ ഒറ്റുക്കൊടുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് രവീന്ദ്രനോട് അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ഹജരാകാന്‍ നിര്‍ദ്ദേശിക്കുന്നില്ല. രവീന്ദ്രന്റെ രോഗത്തിന്റെ നിജസ്ഥിതി വ്യക്തമായി അറിയാവുന്ന വൈദ്യന്‍ മുഖ്യമന്ത്രി തന്നെയാണ്. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ഇത്തരം രോഗാവസ്ഥ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് ഉള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയും മാത്രമായി സര്‍ക്കാരിന്റെ മുഖമുദ്ര. ജനങ്ങളില്‍ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി ജനവിധി തിരിച്ചടിയാകുമെന്ന് ഭയക്കുന്നു. സിപിഎം സ്ഥാനാര്‍ത്ഥികള്‍പ്പോലും മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിക്കുന്നില്ല.സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങള്‍ക്ക് ജനം ചെവികൊടുക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു പെരുമാറ്റചട്ട ലംഘനം നടത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം.
മുഖ്യമന്ത്രി നടത്തിയ പെരുമാറ്റചട്ട ലംഘനം ലഘൂകരിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ല. കൊവിഡ് രൂക്ഷമായ സംസ്ഥാനമാണ് കേരളം. മരണ നിരക്കും ഉയര്‍ന്നതാണ്. കേരളത്തെ കൊവിഡ് രോഗത്തിന് എറിഞ്ഞു കൊടുത്തതിന് ഉത്തരവാദി ഈ സര്‍ക്കാരാണ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതില്‍ കേരള സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാട്ടി. കൊവിഡ് ടെസ്റ്റുകള്‍ പരിമിതപ്പെടുത്തി രോഗികളുടെ എണ്ണം കുറച്ച് കാണിച്ച് രോഗവ്യാപനം നിയന്ത്രിച്ചെന്ന മേനിനടിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് പോലും സര്‍ക്കാര്‍ ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രോഗവ്യാപനം തീവ്രമാകുമെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താനാണ് ആരോഗ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ്. നിലവിലെ കേരളത്തിലെ കൊവിഡ് വ്യാപനം അതീവ ഗുരുതരമാണ്. അത് മറച്ചുവെച്ച് തെരഞ്ഞെടുപ്പാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.