മുല്ലപ്പെരിയാർ: ബേബി ഡാമിലെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട്; അന്തിമ റൂള്‍ കർവ് തയാറാക്കണമെന്ന് കേരളം

 

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ. മരം മുറിക്കാൻ വനം വകുപ്പിന്‍റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്‍റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയറും മേല്‍നോട്ടസമിതിയുടെ അധ്യക്ഷനുമായ ഗുല്‍ഷന്‍ രാജിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് മേല്‍നോട്ടസമിതിക്ക് കേരളത്തിന്‍റെ കത്ത് ചർച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം ചേർന്നത്. മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് യോഗം വിലയിരുത്തി. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തരമായി നൽകണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷന്‍ ഗുൽഷൻ രാജ് കേരളത്തിന്‍റെ പ്രതിനിധികളോട് നിർദ്ദേശിച്ചു.

അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്‍റേഷന്‍ ഉടന്‍ നടപ്പാക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടു. അന്തിമ റൂൾ കർവ് ഉടൻ തയാറാകണമെന്നും കേരളം  ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്‍റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്‍റെ സഹകരണം തേടി. അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും.

കേരളത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്‌, ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, നോഡൽ ഓഫീസർ പി.ജി വിജയകുമാർ എന്നിവർ പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര ജലകമ്മീഷന്‍ പ്രതിനിധി എസ്.എസ് ബക്ഷിയും യോഗത്തിൽ പങ്കെടുത്തു.

Comments (0)
Add Comment