കൃപേഷിന്‍റെ ആഗ്രഹം ഡോ.രോഹിതും ഭാര്യയും നിറവേറ്റും; സഹോദരിയുടെ വിവാഹ ചെലവ് വഹിക്കും

Jaihind Webdesk
Tuesday, February 19, 2019

കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിതും ഭാര്യ ഡോ. ശ്രീജയും വഹിക്കും. കാസര്‍കോട് ഡിഡിസി നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അമേരിക്കയില്‍ ഡോക്ടറാണ് ശ്രീജ. രോഹിത് കൊച്ചിയില്‍ ഡോക്ടറാണ്.

കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന്‍റെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങും വഴിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത ലോക്കല്‍ പാര്‍ട്ടി അംഗം പീതാംബരനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ കൂടാതെ മറ്റ് ഏഴ് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.