ആന്തൂർ നഗരസഭ അധികൃതർ സിപിഎമ്മിന് വഴിവിട്ട സഹായം നൽകിയതിന് കൂടുതൽ തെളിവുകൾ

ആന്തൂർ നഗരസഭ അധികൃതർ സിപിഎമ്മിന് വഴിവിട്ട സഹായം നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി  സാജന്‍ പാറയിലിന്‍റെ ഓഡിറ്റോറിയത്തിനു സമീപം സർക്കാർ ഭൂമി കയ്യേറി നിര്‍മ്മിച്ച സി.പി.എം ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം ചെയ്തു.. കെട്ടിടത്തിനു പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ. കെട്ടിടത്തിന്‍റെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന്

ആന്തുർ നഗര സഭയിലെ ബക്കളത്ത്  പഴയ ദേശീയപാതയോട് ചേര്‍ന്ന് പാര്‍ത്ഥാസ് ഓഡിറ്റോറിയത്തിന്‍റെ അമ്പതു മീറ്ററോളം അകലെയായിട്ടാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് സെന്‍റ് ഭൂമിയൊഴിച്ച് ബാക്കിയുള്ള സ്ഥലമെല്ലാം സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവും.

കെട്ടിടം നിർമ്മിക്കാനായി  രണ്ട് സെന്‍റ് ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയതാണ്  തളിപ്പറമ്പ് – വെള്ളിക്കീൽ റോഡിനോട് ചേർന്ന് മൂന്നു നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.കെട്ടിട നിര്‍മ്മാണ വേളയിൽ പ്രവാസി വ്യവസായിയായ  സാജന്‍ പാറയിലിന്റെ സഹായവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തേടിയിരുന്നു. ഏറ്റവും മുകളിലെ നിലയുടെ മേല്‍ക്കൂര സാജന്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ സർക്കാർ പുറംമ്പോക്ക്  ഭൂമിയാണെന്ന് വിമര്‍ശനമുണ്ടായിരുന്നെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് മൂടിവെക്കുകയായിരുന്നു . കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിന് വേഗത്തില്‍ നഗരസഭ അനുമതിയും  നല്‍കി. യാതൊരു വിധ പരിശോധനകളുമില്ലാതെയായിരുന്നു അനുമതി നൽകിയത്.

കെട്ടിട നമ്പര്‍ ലഭിച്ചതോടെ താഴെയുള്ള നില പാർട്ടി വാടകയ്ക്കു നല്‍കിട്ടുണ്ട്. സി പി എം ബ്രാഞ്ച് സെക്രട്ടറിമാരുടെ മേൽനോട്ടത്തിലായിരുന്നു കെട്ടിട നിർമ്മാണം നടന്നത്. കെട്ടിടം തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. . ആന്തൂര്‍ നഗരസഭയുടെ കീഴിലായതിനാല്‍ മറ്റ് അനുമതിയും വേഗത്തില്‍ നേടിയെടുത്തു. സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച സ്വന്തം പാർട്ടിയുടെ കെട്ടിടത്തിന് നിയമ വിരുദ്ധമായാണ് ആന്തുർ നഗരസഭ അനുമതി നൽകിയത്.  സാജന്‍റെ ആത്മഹത്യയെ തുടർന്ന് ഈ കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ കെട്ടിടത്തിൽ സ്ഥാപിച്ച പാർട്ടി ബോർഡുകളും മറ്റും നീക്കം ചെയ്തിട്ടുണ്ട്.

Comments (0)
Add Comment