കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഈ മാസം 24 ന് സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മുമ്പ് കുറ്റപത്രം നൽകാനാണ് ഇ.ഡിയുടെ നീക്കം. ഒക്ടോബർ 28 നാണ് ശിവശങ്കർ അറസ്റ്റിൽ ആയത്.
ലോക്കറില്‍ കണ്ടെത്തിയ 1.05 കോടി രൂപ ലൈഫ് മിഷന് കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്നാ സുരേഷ് നേരത്തെ എന്‍ഫോഴ്സ്മെന്റ് മൊഴി നല്‍കിയിരുന്നു. പണമിടപാട് സംബന്ധിച്ച വിവരങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. കൈക്കൂലിയായി ലഭിച്ച 1.05 കോടി രൂപയില്‍ 64 ലക്ഷം എസ്ബിഐ ലോക്കറിലും 36.50 ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ലോക്കറിലുമാണ് സൂക്ഷിച്ചത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.
25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിപ്പാർട്ട്മെന്റിൽ നിന്നും അനുമതി ലഭിച്ചതായും ഇ.ഡി വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല.