പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വര്‍ത്തമാനകാലത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഭൂതകാലത്തിലേക്ക് ഒളിച്ചോടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാവിയുടെ വാതില്‍ മോദിക്ക് മുന്നില്‍ അടയ്ക്കപ്പെട്ടതായും ഭൂതകാലത്തിലേക്ക് പലായനം ചെയ്യുക മാത്രമാണ് മോദിക്ക് ആകെ ചെയ്യാനാവുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച് രക്ഷപ്പെടുന്ന മോദിയുടെ നിലപാടിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്‍റെ മറുപടി.
പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കെതിരെ മോദി നടത്തിയ ഐ.എന്‍.എസ് വിരാട് സംബന്ധിച്ച പരാമര്‍ശം പൂര്‍ണമായും കള്ളമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത് എന്നതാണ് സത്യം. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന തന്ത്രമാണ് മോദി നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യുകയുമാണ് ഒരു ഭരണാധികാരിക്ക് വേണ്ട ഗുണങ്ങള്‍. എന്നാല്‍ മോദിയാകട്ടെ ഭൂതകാലം ചികഞ്ഞ് സമയം കഴിക്കുകയാണ്. വര്‍ത്തമാനവും ഭാവിയും മോദിയെ വേട്ടയാടുകയാണ്. ഭൂതകാലത്തിലേക്ക് ഒളിച്ചോടുകയല്ലാതെ മറ്റെന്താണ് അദ്ദേഹത്തിന് ചെയ്യാനാകുന്നത്?- രാഹുല്‍ ഗാന്ധി ചോദിച്ചു.
വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദിക്ക് മറുപടിയില്ല. കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന ചോദ്യത്തിന് മറുപടിയില്ല. ഓരോ ഇന്ത്യക്കാരന്‍റെയും അക്കൌണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപയുടെ കാര്യത്തിലും റഫാലിലും മോദിക്ക് മറുപടിയില്ല. അതുകൊണ്ട് മോദിക്ക് ചെയ്യാനാകുന്നത് ഭൂതകാലത്തിലേക്ക് ഒളിച്ചോടുക എന്നത് മാത്രമാണ്. പക്ഷേ മോദിയുടെ വര്‍ത്തമാന-ഭാവി വാതിലുകള്‍ അദ്ദേഹത്തിന് മുന്നില്‍ ഞങ്ങള്‍ അടച്ചുകഴിഞ്ഞു. അധികം താമസിയാതെ തന്നെ ഭൂതകാലത്തിന്‍റെ വാതിലുകളും അദ്ദേഹത്തിന് മുന്നില്‍ ഭംഗിയായി അടയ്ക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ജനം ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണത്. ന്യായ് പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. കോണ്‍ഗ്രസിന്‍റെയും രാജ്യത്തെ ജനങ്ങളുടെയും ശബ്ദം മോദിയെ കെണിയില്‍ കുടുക്കിയിരിക്കുന്നു. എത്ര ഭൂതകാലം ചികഞ്ഞാലും മോദിക്ക് ഇനി രക്ഷപ്പെടാനാവില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.