ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഗോഡ്സെയായി മോദി മാറി : കെ സുധാകരൻ എം.പി

Jaihind Webdesk
Saturday, October 5, 2019

K-Sudhakaran

രാജ്യത്തെ ആൾക്കൂട്ടാക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന്‍റെ തെളിവെന്ന് കെ സുധാകരന്‍ എം.പി. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെപ്പോലെ, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഗോഡ്സെയായി നരേന്ദ്ര മോദി മാറിയെന്നും കെ സുധാകരന്‍ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ഹിതകരമല്ലാത്ത കാര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടി ആശങ്കാജനകമാണ്. ആൾക്കൂട്ടാക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയെ വിമർശിക്കാൻ പാടില്ല എന്നുള്ളത് ജനാധിപത്യവിരുദ്ധവും രാജ്യത്ത് പിൻതുടരുന്ന കീഴ്വഴക്കങ്ങൾക്ക് എതിരുമാണ്. രാജ്യദ്രോഹ കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തി സാംസ്കാരിക നായകൻമാർക്കെതിരെ കേസെടുക്കുന്ന സാഹചര്യം ഭിന്നാഭിപ്രായം ഇല്ലാതാക്കുന്നതിനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മോദി സർക്കാരിന്‍റെ നടപടി. അസഹിഷ്ണുതയുള്ള പിന്തിരിപ്പൻ ശക്തികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കാന്‍ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും പൗരസ്വാതന്ത്ര്യത്തിന് വിലങ്ങ് തീർക്കാനുള്ള ഭരണകൂട ഭീകരതകൾക്കെതിരെ നിതാന്ത ജാഗ്രതയോടെ പൊരുതുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.

teevandi enkile ennodu para