കക്കാടംപൊയിലിൽ എം എൻ കാരശ്ശേരിക്കും പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ സിപിഎം ആക്രമണം; വ്യാപക പ്രതിഷേധം

കക്കാടംപൊയിൽ പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെ സാംസ്‌കാരിക-പരിസ്ഥിതി പ്രവർത്തകർക്കു നേരെ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുണ്ടകളുടെയും നേതൃത്വത്തിലുള്ള സംഘം അക്രമം അഴിച്ചുവിട്ടതില്‍ വ്യാപക പ്രതിഷേധം. എംഎൻ കാരശ്ശേരി ഉൾപ്പെട്ട സാംസ്ക്കാരിക സംഘത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. അതേസമയം സംഭവം നടന്നു രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നു സാംസ്‌കാരിക പ്രവർത്തകർ പറയുന്നു.

പിവി അൻവർ എം എൽ എ യുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനായാണ് സി.ആർ നീലകണ്ഠൻ, എം.എൻ കാരശേരി, കെ.അജിത, ഡോ. ആസാദ്, പ്രൊഫ. കുസുമം ജോസഫ്, ടിവി രാജൻഎന്നിവരടങ്ങുന്ന സംഘം കക്കാടം പൊയിലിൽ എത്തിയത്. പരിശോധനക്കിടെ യാതൊരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. പിവി അൻവർ എംഎൽഎയുടെ സഹായികളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു. സാംസ്‌കാരിക-പരിസ്ഥിതി പ്രവർത്തകർ തടയണ സംബന്ധിച്ച നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് പോയതെന്നും സമരം ചെയ്യുന്നതിന് വേണ്ടിയല്ലെന്നും എംഎൻ കാരശേരി വ്യക്തമാക്കി.

സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരും പറഞ്ഞു.  സംഘത്തിലുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫിനോട് അസഭ്യം പറഞ്ഞെന്നും കൈപിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

അതേസമയം അക്രമം ഉണ്ടായ ഉടന്‍ തന്നെ വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. വിഷയം ഗൗരവമായി പോലീസ് പരിഗണിച്ചില്ല എന്നും സംഘാംഗങ്ങള്‍ പറയുന്നു.

Comments (0)
Add Comment