പിണറായി ഭരണത്തിൽ സ്വപ്നവും സ്വർണ്ണവും നൂറുമേനി

M M Hassan
Monday, July 20, 2020

 

മഹാമാരിയുടെ മറവിൽ കേരള സർക്കാരിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൊവിഡ്-19 എന്ന മഹാരോഗത്തിന്‍റെ രോഗവിവരങ്ങളടങ്ങിയ ഡാറ്റാ കച്ചവടത്തെക്കുറിച്ചുള്ളതായിരുന്നു. ഡിജിറ്റൽ യുഗത്തിൽ വിലപ്പെട്ട വസ്തുവാണ് വിവരങ്ങൾ. ഏറ്റവുമധികം അഴിമതി ആരോപണങ്ങൾ ലോക്ക്ഡൗൺ കാലത്ത് ഉയർന്നുവന്നതും ഐ.ടി വകുപ്പിനെ കേന്ദ്രീകരിച്ചായിരുന്നു. ഡാറ്റാ കച്ചവടം മാത്രമല്ല, മണ്ണും മദ്യവും ഇലക്ട്രിക് ബസുമെല്ലാം പിണറായി സർക്കാരിന് പണമുണ്ടാക്കാനുള്ള പുതിയ വഴികളായിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഇപ്പോൾ കൺസൾട്ടൻസി സർക്കാരായി മാറിയതോടെ പിൻവാതിൽ നിയമനങ്ങൾ വർധിച്ചു. പിണറായി സർക്കാരിന്‍റെ വികസനപദ്ധതികളെല്ലാം ലോകോത്തര കൺസൾട്ടൻസികളെ ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. കരിമ്പട്ടികയിൽപ്പെട്ട കൺസൾട്ടൻസികളാവുമ്പോൾ അതിന്‍റെ പേരിൽ എന്തു കൊള്ളയും നടത്താം. ആരെയും ഔട്ട്‌സോഴ്‌സിംഗിന്‍റെ പേരിൽ കനത്ത ശമ്പളത്തിന് നിയമിക്കുകയും ചെയ്യാം.

കൊറോണക്കാലം പിണറായി സർക്കാരിന് അഴിമതിയുടെയും, കള്ളക്കടത്തിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും പെരുമഴക്കാലമായിത്തീർന്നു. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞപ്പോൾ സ്പ്രിങ്ക്ളർ അഴിമതി യിൽ പ്രതിക്കൂട്ടിലായത് സ്‌പെഷ്യൽ സെക്രട്ടറി ശിവശങ്കരനായിരുന്നു. സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് ഡാറ്റാ കച്ചവടം നടത്തിയതിന് പൂർണ ഉത്തരവാദി താനാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. സ്പ്രിങ്ക്ളർ അഴിമതിയുടെ യഥാർത്ഥ ഗുണഭോക്താവ് മുഖ്യമന്ത്രിയല്ലെന്ന് വരുത്താനാണ് ശിവശങ്കരൻ സ്വയം ഉത്തരവാദിത്വമേറ്റെടുത്തതെന്ന് പലരും കരുതി. മുഖ്യമന്ത്രിയാവട്ടെ ശിവശങ്കരനെ പ്പോലെ സത്യസന്ധനും പ്രഗത്ഭനുമായ ഒരുന്നത ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ചതിന് പ്രതിപക്ഷ നേതാവിനെ കടിച്ചുകീറാൻ നോക്കി.

മുഖ്യമന്ത്രി വെള്ളപൂശിയ ശിവശങ്കറിനെ ദിവസങ്ങൾക്കുള്ളിൽ സ്‌പെഷ്യൽ സെക്രട്ടറി സ്ഥാനത്തു നിന്നും, പിന്നീട് ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ നിർബന്ധിതനായി. എന്താണ് കാരണം? സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിനെ ഐ.ടി. വകുപ്പിൽ നിയമിച്ചതിനും, അവരെ സംരക്ഷിക്കാനും സഹായിക്കാനും ശ്രമിച്ചതിന്‍റെ പേരിലാണെന്ന് പകൽപോലെ വ്യക്തം. വകുപ്പുമന്ത്രിയായ താൻപോലും അറിയാതെയാണ് തന്‍റെ കീഴിലുള്ള ഐ.ടി വകുപ്പിലെ സ്‌പേസ് പാർക്കിൽ പ്രോജക്ട് മാനേജരായി സ്വപ്നാ സുരേഷിനെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ശിവശങ്കറിന് സ്വപ്നാ സുരേഷിനോടുള്ള വ്യക്തിബന്ധത്തിന്‍റെ പേരിലാണ് അനർഹമായി ജോലി ലഭിച്ചതെന്നും അവർ കള്ളക്കടത്ത് കേസിൽ പിടിക്കപ്പെടാൻ പോകുന്നുവെന്നും അറിഞ്ഞതോടെയാണ് അവരെ പിരിച്ചുവിട്ടത്. സ്വർണകള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത ശിവശങ്കറിനെ പുറത്താക്കിയതോടെ തന്‍റെ ഉത്തരവാദിത്വം അവസാനിച്ചു എന്ന തോന്നലാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് തോന്നുന്നു. ഇനി എല്ലാം കസ്റ്റംസും, എന്‍.ഐ.എയും അന്വേഷിക്കട്ടെ എന്ന നിലപാടിലാണ്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറി നടത്തിയ അധികാര ദുർവിനിയോഗത്തിന്‍റെ അതീവ ഗുരുതരാവസ്ഥ പരിഗണിച്ച് അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാൻ ഒമ്പത് ദിവസം വൈകിയതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.

ചീഫ് സെക്രട്ടറിയും, അഡീഷണൽ ചീഫ് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോർട്ട് തരട്ടെ എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ആത്മകഥ എഴുതിയതിന് ഒരു ഐ.പി.എസ് ഓഫീസറെ കയ്യോടെ സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിയുടെ മറുപടി സംശയകരമായിരുന്നു. എന്‍.ഐ.എ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ശിവശങ്കറിന്‍റെ പേരിലുള്ള നടപടി വൈകിയത് അദ്ദേഹത്തെ സഹായിക്കാനാണെന്ന് കണ്ടുനിൽക്കുന്നവർ സംശയിച്ചതിൽ തെറ്റില്ലല്ലോ. ശിവശങ്കറിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സ്വപ്നാ സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി സ്‌പേസ് പാർക്കിൽ ജോലി സമ്പാദിച്ചതിന്‍റെ പേരിൽ കേസെടുക്കാൻ മുഖ്യമന്ത്രി പോലീസിന് അടിയന്തരമായി നിർദേശം നൽകാതിരുന്നതിന് കാരണമെന്താണ്? ഈ നിയമന വാർത്ത പുറത്തു വന്ന ശേഷമല്ലേ ട്രിപ്പിൾ ലോക്ഡൗണിന്‍റെ നിയന്ത്രണങ്ങളെല്ലാം മറികടന്ന് അവർ ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തത്?  നമ്മുടെ പൊലീസിന്‍റെ കൺമുമ്പിലൂടെയാണ് അവർ കടന്നുപോയത്. ശിവശങ്കരനെയും, സ്വപ്നാ സുരേഷിനെയും ഇതുവരെ സഹായിച്ച പോലീസും മുഖ്യമന്ത്രിയും ഇതിനൊക്കെ അന്വേഷണ ഏജൻസിയോട് മറുപടി പറയേണ്ടി വരും.

ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത് സ്വർണകള്ളക്കടത്ത് കേസിന്‍റെ കാര്യത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ്. വിമാനത്താവളം കേന്ദ്രസർക്കാരിന്‍റെ കീഴിലല്ലേ എന്നാണ് അദ്ദേഹം ആവർത്തിച്ച് ചോദിക്കുന്നത്. ദുബായിൽ നിന്ന് നയതന്ത്രചാനലിലൂടെ വന്ന കള്ളക്കടത്ത് സ്വർണം ഏറ്റു വാങ്ങാൻ പോയ സരിത്തും സ്വപ്നാ സുരേഷും നയതന്ത്ര ഉദ്യോഗസ്ഥന്മാരുടെ പേരിൽ ആൾമാറാട്ടം നടത്തുകയും, യു.എ.ഇ കോൺസുലേറ്റിന്‍റെ വ്യാജ സർട്ടിഫിക്കറ്റും, സീലും നിർമിക്കുകയും ചെയ്ത കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നമുക്കു മറക്കാനാവില്ല. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ബാഗേജ് ക്ലിയർ ചെയ്യുന്നത് കേരള സർക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയാണ്. നമ്മുടെ സൗഹൃദരാഷ്ട്രമായ യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തെപ്പോലും പ്രതികൂലമായി ബാധിക്കാനിടയുള്ള കുറ്റകൃത്യമാണ് ആൾമാറാട്ടം നടത്തിയതും, വ്യാജസീലും, സർട്ടിഫിക്കറ്റും നിർമിച്ചതും. അതിലും ഉപരിയായി രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകർക്കുന്ന രാജ്യദ്രോഹ കുറ്റമാണ്. ഇതിന്‍റെ പേരിൽ യു.എ.പി.എ ആക്ടനുസരിച്ച് കേസെടുക്കാനുള്ള നിയമപരമായ ബാധ്യത കേരള പോലീസിനുണ്ട്. കോഴിക്കോട്ട് രണ്ടു യുവാക്കൾ മാവോ സാഹിത്യം കൈയിൽ സൂക്ഷിച്ചതിന് അവരുടെ പേരിൽ യു.എ.പി.എ ആക്ടനുസരിച്ച് കേസെടുത്തത് കേരള പോലീസാണെന്ന കാര്യം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു. അലൻ, താഹ എന്നീ യുവാക്കളുടെ പേരിൽ യു.എ.പി.എ നിയമമനുസരിച്ച് കേരള പോലീസ് ചാർജ് ചെയ്ത കേസാണ് ഇപ്പോൾ എന്‍.ഐ.എ അന്വേഷിക്കുന്നത്.

ഇതേ മാതൃക പിന്തുടർന്നുകൊണ്ട് കേരള പോലീസ് കേസെടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. കേരള പൊലീസും, കേരള സർക്കാരും ഈ കേസിൽ കാണിച്ച നിരുത്തരവാദപരമായ നിലപാടുകളാണ് മുഖ്യമന്ത്രിക്ക് നേരെ വിരൽ ചൂണ്ടുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്. അതിന്‍റെ പേരിൽ ഒരു മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയെ പുറത്താക്കുന്നതും ഇതാദ്യമാണ്. ഇതിന്‍റെയെല്ലാം ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല.

സോളാർ കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന എല്ലാ കാര്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, ഇതിന്‍റെയെല്ലാം ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടത് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടാണ്.
അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയും, ഉമ്മൻ ചാണ്ടിയുടെ രാജിക്ക് വേണ്ടി പ്രക്ഷോഭം നടത്തുകയും ചെയ്തത് ആരും മറന്നിട്ടില്ല. സ്വർണ്ണകള്ളക്കടത്ത് കേസ് രാജ്യരക്ഷയെ തകർക്കുന്നതും, രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെട്ടതുമാണ്. രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.

ഇത്രയും എഴുതിയപ്പോഴാണ് വയലാർ രാമവർമ്മ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയ്ക്ക് വേണ്ടി രചിച്ച ഗാനത്തിലെ വരികൾ ഓർമ്മയിൽ വന്നത്. ഒരു കർഷകത്തൊഴിലാളി സ്ത്രീ പാടുന്നതാണ് ഈ ഗാനം.

”ഏനെന്‍റെ പാടത്ത് സ്വപ്നം വിതച്ചു
സ്വപ്നം വിളഞ്ഞതും നൂറു മേനി
സ്വർണം വിളഞ്ഞതും നൂറുമേനി”

2020- ൽ പിണറായിയുടെ കമ്യൂണിസ്റ്റ് സർക്കാരിനെ നോക്കി വയലാർ പാടുന്നതു പോലെ തോന്നുന്നില്ലേ?

”പിണറായി ഭരണത്തിൽ
സ്വപ്നവും സ്വർണവും നൂറുമേനി!!”