മുഖ്യമന്ത്രിയെ സ്വര്‍ണ്ണം പൂശാനാണ് കോടിയേരിയുടെ ശ്രമം:എം.എം.ഹസ്സന്‍

കോടിയേരി ബാലകൃഷ്ണന്‍റെ അടിസ്ഥാന രഹിതമായ വിമര്‍ശനത്തിന് മറുപടി നല്‍കിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി അഴിമതിയുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെ സ്വര്‍ണ്ണം പൂശാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഒരെ മനസ്സോടെ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ മറച്ചുപിടിക്കാനാണ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും ഒളിച്ചുകളി നടത്തുന്നുവെന്ന നുണപ്രചരണം കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഏറ്റുപറയുന്നുവെന്ന് കണ്ടുപിടിച്ച കോടിയേരിക്ക് സ്പ്രിങ്ക്ളര്‍, ബെവ്ക്യൂ, ഇ-മൊബിലിറ്റി, മണല്‍ക്കടത്ത് തുടങ്ങിയ സുപ്രധാന അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത് ആരാണെന്നത് വിസ്മരിക്കരുത്. ഈ വിഷയങ്ങളില്‍ തെളിവുസഹിതം ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടി പറയാന്‍ കഴിയാത്തത് കൊണ്ടാണ് ബി.ജെ.പിയുമായി ഒളിച്ചുകളിക്കുന്നെന്ന ആരോപണം കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നത്.

ശബരിമല സമരത്തില്‍ ജനകീയ സമരം ശക്തിപ്പെട്ടപ്പോഴും കോണ്‍ഗ്രസിനെതിരെ സി.പി.എം സമാന പ്രതികരണമാണ് നടത്തിയത്. എന്നാല്‍ ഭക്തരും മതേതരവിശ്വാസികളും സി.പി.എമ്മിന്‍റെ നുണപ്രചരണത്തെ തള്ളിക്കളഞ്ഞു. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനാവത്തത് കൊണ്ട് കോണ്‍ഗ്രസും മുസ്ലീംലീഗും ജമാഅത്ത്ഇസ്ലാമി, എസ്.ഡി.പി.ഐയുമായി മുന്നണി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുയെന്നാണ് ബി.ജെ.പി ഒളിച്ചുകളി ആരോപിക്കുന്ന കോടിയേരി പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ സഹായിച്ചപ്പോള്‍ ജമാഅത്ത്ഇസ്ലാമി മതേതരവാദികളായിരുന്നെങ്കില്‍ ഇപ്പോള്‍ സി.പി.എമ്മിനെ എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മതമൗലികവാദികളായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ സഹായം തേടിയപ്പോള്‍ സി.പി.എമ്മിന് ഒരു ഉളുപ്പുമുണ്ടായില്ല. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ”കിട്ടാത്ത മുന്തിരി പുളിക്കുമെന്ന്” പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും അഴിമതിയ്ക്കും ജനദ്രോഹ ഭരണത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പ്രതിപക്ഷ നേതാവിനെ ആക്രമിക്കാമെന്ന ശ്രമം വിജയിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് രാഷ്ട്രീയ പഴംപുരാണങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Comments (0)
Add Comment