ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം: ഹസ്സന്‍

മിന്നല്‍ ഹര്‍ത്താലുകളെ നിരോധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍.

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവര്‍ ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് ഹര്‍ത്താല്‍ നിയന്ത്രിത നിയമം ഉടനടി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. ഹര്‍ത്താലും മിന്നല്‍ പണിമുടക്കും നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലില്‍ ഹാര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ എഴുദിവസം മുന്‍പ് ഡി.ജി.പിക്ക് നോട്ടീസ് നല്‍കണമെന്നും ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അത് പ്രഖ്യാപിക്കുന്നവരില്‍ നിന്നും ഇടാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ആകെയുള്ള 200 പ്രവര്‍ത്തി ദിവസങ്ങളില്‍ 97 ഹര്‍ത്താലുകളാണ് നടന്നത്. ഇത് ഹൈക്കോടതി തന്നെ പരിഹാസരൂപേണ ചൂണ്ടികാട്ടിയിട്ടുണ്ട്.പ്രളയാനന്തരം ദുരിതവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കേരളത്തിന് തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുന്നത് വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും ഹസ്സന്‍ പറഞ്ഞു.

MM Hassan
Comments (0)
Add Comment