എറണാകുളം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈകോടതി ഉത്തരവ്. അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഈ ഒരു തീരുമാനം. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്‍റെ മകള്‍ ആശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിക്കാനും നിർദേശം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
പിതാവിന്‍റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കിയിരുന്നു. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘ്പരിവാര്‍ ബന്ധമുള്ള അഭിഭാഷകനാണെന്നും. സിപിഎമ്മിനേയും പാര്‍ട്ടി നേതാക്കളെയും പൊതുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.
എന്നാൽ സജീവന്‍റെ വാദത്തെ തള്ളുകയാണ് സഹോദരി ആശ. ‘‘കലൂർ കത്രിക്കടവ് സെന്‍റ് ഫ്രാൻസിസ് പള്ളിയിൽ ആചാരപ്രകാരം അടക്കണമെന്നാണ് ആഗ്രഹം. മൃതദേഹം മെഡിക്കൽ കോളജിനു കൊടുക്കാൻ പിതാവ് പറഞ്ഞിട്ടില്ല. അമ്മയെയും മരിച്ചു പോയ സഹോദരനെയും സംസ്കരിച്ചിരിക്കുന്നതും മതാചാരപ്രകാരമാണ്. സഹോദരൻ സിപിഎം അംഗമാണ്. അതുകൊണ്ട് പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്’’, ആശ ലോറൻസ് പറഞ്ഞു. ലോറന്‍സിന്‍റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന്‍റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ മൃതദേഹം കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹത്തിന്‍റെ കാര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ തീരുമാനമെടുത്തേക്കും.