‘പിണറായിയുടെ തിട്ടൂരം എകെജി സെന്‍ററിൽ മതി , ലീഗിന്‍റെ തലയിൽ കയറേണ്ട’ : എംകെ മുനീർ

കോഴിക്കോട്: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ തിരിച്ചടിച്ച് എംകെ മുനീർ. പിണറായിയുടെ തിട്ടൂരം എകെജി സെന്‍ററിൽ മതിയെന്നും ലീഗിന്‍റെ തലയിൽ കയറേണ്ടെന്നും മുനീർ പറഞ്ഞു. ലീഗിന്‍റെ മഹാ സമ്മേളനം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആഞ്ഞടിച്ചു.

‘മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള അണികളിൽ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണെന്നും  മുനീർ പറഞ്ഞു.

‘വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളിൽ എടുത്തതാണോ? അത് നിയമസഭയിൽ എടുത്തതല്ലേ? നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ഞങ്ങൾ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തിട്ടൂരം വേറെ ആളുകളോട് കാണിച്ചോട്ടെ. മുസ്‌ലിം ലീഗിന്റെ തലയിൽ കയറേണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതു മുഴുവൻ വാസ്തവ വിരുദ്ധമാണ്. നിയമസഭയിൽ വഖഫ് നിയമം നിരാകരിക്കണമെന്ന പ്രമേയമാണ് ഞങ്ങൾ കൊണ്ടുവന്നത്. കേസു കാണിച്ച് ഞങ്ങളെ ഭയപ്പടുത്തേണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

 

Comments (0)
Add Comment