കൊച്ചി: കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. ആലപ്പുഴ കലവൂരിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഇവരുടേതെന്ന് കരുതുന്ന മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പുറത്തെടുത്ത ശേഷം ഇവരുടേതാണോയെന്ന് പരിശോധിക്കും.
ഓഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. തുടര്‍ന്ന് ഏഴിന് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കി.
ഇവര്‍ ആലപ്പുഴ കലവൂര്‍ വരെ എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ എങ്ങോട്ട് പോയെന്ന് വിവരം ലഭിച്ചില്ല. ഇതോടെ കേസ് കലവൂര്‍ പോലീസിന് കൈമാറിയിരുന്നു. സുഭദ്രയുടെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് ആലപ്പുഴ കലവൂരിലായിരുന്നു.
പ്രദേശത്തെ ഒരു വീട്ടിലെത്തി ഇവര്‍ താമസിച്ചിരുന്നതായി കലവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ക്കൊപ്പമാണ് ഇവര്‍ ഇവിടെ താമസിച്ചത്. തീര്‍ഥാടനയാത്രയ്ക്കിടയിലാണ് സുഭദ്ര ദമ്പതികളെ പരിചയപ്പെട്ടതെന്നാണ് വിവരം. ക്ഷേത്രങ്ങളിലേക്കുളള യാത്രകള്‍ ഒന്നിച്ച് പോയിരുന്ന ഇവര്‍ സുഭദ്രയുടെ സ്വര്‍ണം മോഷ്ടിക്കാനായി കൊല നടത്തിയെന്നാണ് പോലീസ് കരുതുന്നത്. കലവൂരിലുള്ള വീടിന്റെ പരിസരത്ത് പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
വീടിന് പുറകുവശത്ത് ദമ്പതികള്‍ തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരി പോലീസിന് മൊഴി നല്‍കുകയായിരുന്നു. ഇവിടെ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.