ദുരിതാശ്വാസനിധി ദുർവിനിയോഗം; ലോകായുക്ത വിധി ഇന്ന്

Jaihind Webdesk
Monday, November 13, 2023

 

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോ​ഗം ചെയ്തെന്ന കേസിൽ ലോകായുക്ത ഇന്ന് വിധി പറയും. മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കിയാണ് ഹർജി. മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടർന്ന് ഹർജി ക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച്‌ 31-നായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിട്ടത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ ഭിന്നത മൂലമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്.

2018-ലാണ് ആർ.എസ്. ശശികുമാർ ഹർജി ഫയൽ ചെയ്തത്. അതിനിടെ കേസിൽ ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശശികുമാർ ഉപഹർജി നൽകിയിരുന്നു. കേസിൽ വാദം കേട്ട രണ്ട് ഉപലോകയുക്തമാർ ഹർജിയിൽ പരാമർശിച്ചിട്ടുള്ള സിപിഎമ്മിന്‍റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. അതിനാൽ അവരിൽ നിന്നും നിഷ് പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹ‍ർജി. രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ടു മാസം മുമ്പ് ലോകയുക്തയിൽ ഫയൽ ചെയ്ത ഇടക്കാല ഹർജിയും കോടതി ഇന്ന് പരിഗണിക്കും.