സൗദി : അഞ്ചേമുക്കാൽ ലക്ഷത്തിലേറെ നിയമലംഘകരെ നാടു കടത്തിയെന്ന് മന്ത്രാലയം

Jaihind Webdesk
Saturday, December 15, 2018

Saudi-Arabia
സൗദിയിൽ ഒരു വർഷത്തിനിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ പിടിയിലായ അഞ്ചേമുക്കാൽ ലക്ഷത്തിലേറെ നിയമലംഘകരെ നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 12,694 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കി വരികയാണ്.

2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ പിടിയിലായ 5,83,749 നിയമ ലംഘകരെയാണ് നാടു കടത്തിയത്. ഇക്കാലയളവിൽ ആകെ 22,57,527 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 17,51,216 പേർ ഇഖാമ നിയമ ലംഘകരും 1,59,184 പേർ നുഴഞ്ഞുകയറ്റക്കാരും 3,47,127 പേർ തൊഴിൽ നിയമ ലംഘകരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 36,811 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1770 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 3056 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 923 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 887 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 36 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു വരികയാണ്.

നിലവിൽ 12,694 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കി വരികയാണ്. റെയ്ഡുകൾക്കിടെ പിടിയിലായ 3,55,043 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 3,21,943 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,92,451 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു