ഗവർണറുടെ പെരുമാറ്റം ഗുണ്ടയെപ്പോലെ; എസ്എഫ്ഐക്ക് കൈ കൊടുക്കണം: പിന്തുണയുമായി മന്ത്രിമാർ

Jaihind Webdesk
Tuesday, December 12, 2023

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെയുണ്ടായ പ്രതിഷേധത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. എസ്എഫ്ഐ ഗുണ്ടായിസത്തിന് ഊർജം പകരുന്ന പ്രതികരണങ്ങളുമായി മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവരാണ് രംഗത്തെത്തിയത്. എസ്എഫ്ഐക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.

ഗവർണർ കാറിനു പുറത്തിങ്ങാൻ പാടുണ്ടോയെന്നായിരുന്നു മന്ത്രി പി. രാജീവിന്‍റെ ചോദ്യം. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിനു പുറത്തിറങ്ങിയത് എന്തിനെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗവർണർ ഹീറോ ആകാൻ ശ്രമിക്കുന്നുവെന്നും ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ വിമർശിച്ചു. ഗവര്‍ണര്‍ തരംതാണ ഒരു ആര്‍എസ്എസുകാരനെ പോലെ പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണറും കേരളത്തിലെ പ്രതിപക്ഷവും ഉള്‍പ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.