മന്ത്രി ശിവന്‍കുട്ടി ഇടപെട്ടു, ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം

Jaihind Webdesk
Monday, October 9, 2023

 

തിരുവനന്തപുരം: സ്വന്തം വകുപ്പില്‍ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ട് മന്ത്രി വി. ശിവന്‍കുട്ടി. കിലെയില്‍ പബ്ലിസിറ്റി അസിസ്റ്റന്‍റായി സൂര്യ ഹേമനെ നിയമിക്കാന്‍ മന്ത്രി നിരന്തര ഇടപെടല്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.

2021 ജനുവരി നാലിനാണ് സൂര്യ ഹേമന്‍ ദിവസ വേതനക്കാരിയായി തിരുവനന്തപുരത്തെ കിലെയില്‍ എത്തിയത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്‍കി. എന്നാല്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്നാണ് വകുപ്പ് മറുപടി നല്‍കിയത്. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാന്‍ കഴിയില്ലെന്നും സൂര്യ ഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് മറുപടി നല്‍കി.

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നാണ് ചട്ടം. ഈ ചട്ടം നിലനില്‍ക്കേയാണ് മന്ത്രി വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇനി ഇത് മറികടക്കരുതെന്ന നിര്‍ദേശത്തോടെ ധനവകുപ്പ് സൂര്യഹേമന്‍റെ നിയമനം സാധൂകരിക്കുകയായിരുന്നു. തുടര്‍ന്ന് 29,535 രൂപ പ്രതിഫല നിരക്കില്‍ പബ്ലിസിറ്റി അസിസ്റ്റന്‍റായി നിയമിച്ചു. എന്നാല്‍ നിയമനം സ്ഥിരമല്ലെന്നും കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നുമാണ് കിലെ ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം.