കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ അടിയന്തര യോഗം ചേർന്നു. മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമായതായും വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചേക്കുമെന്നും യോഗത്തിൽ പങ്കെടുത്ത വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
ബ്രഹ്മപുരത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക ഏകോപന കമ്മിറ്റിക്ക് രൂപം നല്‍കും. മാലിന്യനീക്കം പുനഃരാരംഭിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല. ആസ്ത്മ രോഗബാധിതര്‍ മാത്രം പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയാകുമെന്നും കളക്ടറേറ്റില്‍ ചേർന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.
ബ്രഹ്മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും അസുഖങ്ങള്‍ ഉണ്ടായാല്‍ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്ത് 2 ഓക്സിജന്‍ പാര്‍ലറുകള്‍ ഒരുക്കി. ബ്രഹ്മപുരത്തിനു തൊട്ടടുത്തുള്ള വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടുത്ത ഒരാഴ്ച മുഴുവന്‍സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കും. എല്ലാവരും മാസ്ക് ധരിക്കണം. എന്‍-95 മാസ്ക് ധരിക്കുന്നതാണു നല്ലത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 2 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ രേണു രാജ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എം.കെ സതീശന്‍ അറിയിച്ചു.
ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ബംഗളുരു ആസ്ഥാനമായ സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി കമ്പനി കൈപ്പറ്റി. കരാര്‍ കാലാവധി തീര്‍ന്നിട്ടും മാലിന്യ സംസ്കരണം എങ്ങുമെത്തിയില്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടിത്തം. ബയോ മൈനിംഗില്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. തീപിടിത്തത്തിന് പിന്നില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അട്ടിമറിയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.