കൊച്ചി: വിഴിഞ്ഞത്ത് സർക്കാറിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്റണി രാജു. സഭയുടെ നേതൃത്വത്തിലുള്ള കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് മന്ത്രി പിന്മാറിയത്.
ദിവസങ്ങൾക്ക് മുമ്പെ അനുമതി വാങ്ങിയാണ് ലൂർദ് ആശുപത്രിയിലെ ന്യൂറോ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ആന്‍റണി രാജുവിനെ ഉദ്ഘാടകനായി നിശ്ചയിച്ചത്. ഇന്നലെ ബന്ധപ്പെട്ടപ്പോഴും മന്ത്രി വരാമെന്ന് ഉറപ്പ് നൽകിയെങ്കിലും പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. പക്ഷേ മന്ത്രി ഇന്ന് കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ ആശുപത്രി അധികൃതര്‍ മുഖ്യാഥിതിയാക്കി. സർക്കാറിനെതിരെ ലത്തീൻ സഭ ശക്തമായ സമരം തുടരുന്നതിനിടെയാണ് സഭാംഗം കൂടിയായ മന്ത്രി പരിപാടിയിൽ നിന്നും വിട്ട് നിന്നത്.
മന്ത്രിയുടെ അസാന്നിധ്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. അതേസമയം തിരക്കായത് കൊണ്ടാണ് ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കാത്തത് എന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിഴിഞ്ഞം സംഭവമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു. ആശുപത്രിയിലേത് അത്ര വലിയ പരിപാടിയായി തോന്നിയില്ല. ഒഴിവുണ്ടെങ്കില്‍ മാത്രം എത്താം എന്നാണ് നേരത്തെ അറിയിച്ചത്. വലിയ തിരക്കായതിനാല്‍ ഇന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.