മില്‍മ ക്രമക്കേട്; മന്ത്രി ചിഞ്ചുറാണിയുടെ നിലപാടില്‍ ദുരൂഹത, സിപിഐക്കുളളിലും വിമര്‍ശനം

Jaihind Webdesk
Monday, October 23, 2023


മില്‍മ ക്രമക്കേടില്‍ മന്ത്രി ചിഞ്ചുറാണിയുടെ നിലപാടില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടെടുക്കകയാണ് മന്ത്രിയെന്നാണ് ആക്ഷേപം. അതിനിടെ ക്രമക്കേടില്‍ ജാഗ്രത കുറവ് ഉണ്ടായത് മന്ത്രിക്കെന്ന വിമര്‍ശനവും ശക്തമാണ്. കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടില്‍ പ്രതിയും മില്‍മ മേഖലാ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഭാസുരാംഗനെതിരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് മില്‍മയിലെ ക്രമക്കേടുകളും. ഇതുസംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. സംഭവത്തില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഗുരുതരവിഷയമാണെങ്കില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി വാക്കുനല്‍കിയിരുന്നു. എന്നാല്‍ ക്രമക്കേട് നടത്തി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഓണക്കാലത്തു പാല്‍ വിതരണം ചെയ്ത വാഹനങ്ങള്‍ക്കു വാടക നല്‍കിയതടക്കം നാലുകോടി രൂപയുടെ തട്ടിപ്പ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ നടന്നെന്നായിരുന്നു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. സിപിഐ നേതാവ് എന്‍.ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്തെ ക്രമക്കേടുകളാണ് അന്തിമ കണ്‍കറന്റ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ഇന്ദാപൂരില്‍ നിന്നും പാല്‍കൊണ്ടുവരാന്‍ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കില്‍ കരാര്‍ നല്‍കിയെന്നായിരുന്നു ഓഡിറ്റിലെ കണ്ടെത്തല്‍. ടെണ്ടര്‍ വിളിക്കാതെയാണ് പാലെത്തിക്കാന്‍ ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. ഓഡിറ്റിംഗ് സമയത്ത് ടെണ്ടറോ കരാര്‍ രേഖയോ ഹാജരാക്കിയുമില്ല. മഹാരാഷ്ട്രയിലെ സ്ഥാപനത്തില്‍ നിന്നും തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാത-44 വഴി സഞ്ചരിച്ചാല്‍ ഗൂഗിള്‍ മാപ്പ് പ്രകാരം ദൂരം 1481. പക്ഷെ 3066 കിലോമീറ്റര്‍ യാത്ര ചെയ്തതായി രേഖയുണ്ടാക്കി കരാറുകാരന്‍ അധികം തുക വാങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. എന്നാല്‍ നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടും ഇതിനെതിരെ ഒരുതരത്തിലുമുളള നടപടിയെടുക്കാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ക്രമക്കേട് നടത്തിയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞ വാക്കും പാഴ് വാക്കായിരിക്കുകയാണ്. ഇതോടെ ഭാസുരാംഗനെ സംരക്ഷിക്കുന്ന നടപടിയാണ് മന്ത്രിയുടേതെന്ന ആക്ഷേപം സിപിഐക്കുളളില്‍ തന്നെ ഉയരുന്നുണ്ട്.