ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് സര്‍ക്കാര്‍

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അതേസമയം,  സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാദം തള്ളി സർക്കാർ. സൈനികൻ സുരക്ഷിതനെന്നും വിശദീകരണം.

ജമ്മു ആൻറ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്. ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്.

സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മുൻപ് ഇത് പോലെ ലഫ്റ്റനൻറ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരിൽ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്.

എന്നാല്‍, സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാദം തള്ളി സർക്കാർ. ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ലഭിച്ച വിവരം വസ്തുതാപരമല്ലെന്നും സൈനികൻ സുരക്ഷിതനാണെന്നും  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Comments (0)
Add Comment