കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗമിഷന്റെ മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്ല്യാണ്‍ സില്‍ക്‌സ്. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാണ്‍ സില്‍ക്‌സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാര്‍ത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.
മൃദംഗനാദം സംഘാടകര്‍ 12,500 സാരിക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാണ്‍ സില്‍ക്‌സ് സാരി നിര്‍മിച്ച് നല്‍കുകയായിരുന്നുവെന്നും കല്യാണ്‍ സില്‍ക്‌സ് പറയുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാല്‍ പിന്നീടാണ് ഈ സാരിക്ക് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.