അവര്‍ ചോദിക്കുന്നു… “ഞങ്ങള്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?… ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്”

Jaihind Webdesk
Friday, April 5, 2019

അമ്മയെതല്ലി അങ്ങാടിയില്‍ ഇറങ്ങിയാലും രണ്ടുപക്ഷം ഉണ്ടാവുമെന്നൊരു ചൊല്ലുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് ഇന്നലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മാധ്യമപ്രവര്‍ത്തകർ അപകടത്തില്‍പ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ കേരള മനസാക്ഷിക്കും സമൂഹമനസാക്ഷിക്കും എന്നും ഒരു മാതൃകയാണ്. എന്നാല്‍ അതിനെ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടെ കണ്ട് സൈബര്‍ സഖാക്കള്‍ സൈബര്‍ ഇടങ്ങളില്‍ ഉറഞ്ഞുതുള്ളുമ്പോള്‍ അപകടത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകരുടെ അഭിപ്രായവും സൈബർ സഖാക്കള്‍ ഒന്നു കേള്‍ക്കണം.

അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

“ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു.

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുൽ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവർത്തകർ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാൽ ചില കമ്യുണിക്കേഷൻ ഗ്യാപ് മൂലം മീഡിയാ കാർക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാൻ വൈകി. 20 പേർക്ക് മാത്രമെ ഈ വാഹനത്തിൽ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി എത്തുന്നതിന് അൽപ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങൾ അഞ്ച് പേർക്ക് മാത്രം ( പി.ജയേഷ്, ജംഷീർ കൂളിവയൽ ,ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിംങ്ങൽ, അനൂപ് വർഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ കല് ചുവട് മാറ്റി ചവിട്ടാൻ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോർട്ടിംഗിനും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക നൽകി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോൾ ഹംമ്പ് ചാടിയപ്പോൾ വാഹനത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയിൽ വീണത്.
ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോൾ തൊട്ടുപിന്നാലെ വരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകർത്താൻ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാൽ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയിൽ വീണ ഉടൻ ചെരിഞ്ഞ വാഹനത്തിന്റെ താൽകാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെൽഡ് ചെയ്തായിരുന്നു കൈവരി. ) തകർന്ന് റിക്സൺ ഉൾപ്പടെ ആറ് പേർ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോർട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോൾ എന്റെ തലക്ക് മുകളിലൂടെയാണ് റിക്സൺ അടക്കമുള്ള നാല് പേർ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേർ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകർന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയിൽപ്പെട്ട് മരിക്കുന്നത് ഞങ്ങൾ ആറ് പേർ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വൻ അപകടം ഒഴിവായത്. അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകൾ പറ്റിയവർ പോലും അപകടത്തിൽ പകച്ച് നിന്നപ്പോൾ അവർ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊർജ്ജമാണ് മാധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചത്.
കൂടുതൽ വിവരങ്ങളും നിങ്ങൾ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കിൽ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്താതിരിക്കുക.”

സൈബര്‍ സഖാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അപകടത്തെ കുറിച്ച് റിക്സണ്‍ പറയുന്നതിങ്ങനെ:

ഇടതുപക്ഷ അനുഭാവിയാണ് താനെന്ന് റിക്സണ്‍ തുറന്നു പറയുന്നു. എന്നാല്‍ ഇന്നലെ രാഹുല്‍ ഗാന്ധി ഒരു പച്ചയായ മനുഷ്യമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചെന്ന് റിക്സണ്‍ വ്യക്തമാക്കുന്നു. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോഴും റിക്സണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രാഹുല്‍ ഒരു പച്ചയായ മനുഷ്യനാണെന്ന്. അത് താന്‍ വയനാട്ടില്‍ നേരിട്ടനുഭവിച്ചെന്നും റിക്സണ്‍ വ്യക്തമാക്കുന്നു.

“അദ്ദേഹത്തിന്റെ വാഹനത്തിന് തൊട്ടുമുന്നിൽ മാധ്യമപ്രവർത്തകർക്കായി ഒരു വാഹനം തയാറാക്കിയിരുന്നു. അതിൽ ഇരുപതോളം മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. അതിനൊപ്പം ചില കോൺഗ്രസ് പ്രവർത്തകരും. ഈ ലോറിയുടെ സൈഡിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ബാരിക്കേഡിലാണ് ഞാൻ നിന്നത്. ഇതിലേക്ക് എല്ലാവരും ചാഞ്ഞതോടെ അത് തകർന്ന് താഴെ വീഴുകയായിരുന്നു. ഞാൻ വീണതിന് പിന്നാലെ എന്റെ മുകളിലേക്ക് മറ്റുള്ളവരും പതിച്ചു. ഇങ്ങനെയാണ് അപകടം നടന്നത്. രാഹുലും പ്രിയങ്കയും അപകടം കണ്ട് ഓടിയെത്തിയതാണ്. എന്നെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ രാഹുൽ ഗാന്ധി എന്റെ സമീപത്തുണ്ടായിരുന്നു. എന്റെ ചെരുപ്പ് അപകടം നടന്ന സ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. പ്രിയങ്കാ ഗാന്ധിയാണ് അതെടുത്ത് ആംബുലൻസിൽ വച്ചത്. ഇത് ഞാനറിയുന്നത് പിന്നീടാണ്. ആ കുടുംബത്തിന്റെ അന്തസും മാന്യതയും സ്നേഹവുമാണ് രാഹുലും പ്രിയങ്കയും ഇന്നലെ കാട്ടിയത്. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിക്കാൻ രാഹുൽ ഗാന്ധി സഹായിച്ചത് സാധാരണമാണെന്ന് പറയുന്നവരുണ്ടാകാം. പക്ഷേ പ്രിയങ്ക ചെയ്തതോ? എന്റെ ചെരുപ്പ് അവരെടുത്ത് കൊണ്ടുവരേണ്ട ആവശ്യം എന്താണ്? നമ്മൾ അങ്ങനെ ചെയ്യുമോ? ” – റിക്സണ്‍ ചോദിക്കുന്നു.

 

“ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ അവിടെ നിന്നിരുന്ന എതോ കോൺഗ്രസ് പ്രവർത്തകരുടെ മൊബൈലിൽ പതിഞ്ഞതാണ്. പ്രിയങ്കയും രാഹുലും മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്തതല്ല. ഇത് അവരുടെ പാരമ്പര്യവും മനസുമാണ്. പച്ചയായ മനുഷ്യരാണ് ഇരുവരും. ഇടുപക്ഷത്തിന്‍റെ ആശയത്തിനൊപ്പം നിൽക്കുമ്പോഴും കേന്ദ്രത്തിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ‍ഞാൻ. എന്‍റെ ഇടതുചിന്താഗതി എന്‍റെ തൊഴിലിൽ ഞാൻ കലർത്തിയിട്ടില്ല. ആശുപത്രിയിലെത്തിച്ച ശേഷവും അവർ  ബന്ധപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും വിളിച്ചിരുന്നു. സുഖവിവരങ്ങൾ അന്വേഷിച്ചു. ആരോഗ്യത്തെ പറ്റിയുള്ള കാര്യങ്ങൾ രാഹുലും പ്രിയങ്കയും അന്വേഷിച്ചതായും നേതാക്കൾ പറഞ്ഞിരുന്നു” – ഇതൊരു മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള പ്രഹസനമാണെന്ന് വാദിക്കുന്നവരോട് റിക്സണ്‍ പറയുന്നു.