‘കടക്ക് പുറത്ത്’ മാധ്യമ നിയന്ത്രണം ഇടതുസർക്കാരിന്‍റെ പതിവു പദ്ധതി; പഞ്ചപുച്ഛമടക്കി പത്രപ്രവർത്തക യൂണിയൻ

Jaihind Webdesk
Saturday, December 1, 2018

Media-curb

സംസ്ഥാനത്ത് മാധ്യമ നിയന്ത്രണം ഏർപ്പെടുത്തി ഇടതു സർക്കാർ ഉത്തരവിറക്കിയിട്ടും ഇതിനെ എതിർക്കാനോ പ്രതിഷേധിക്കാനോ കൂട്ടാക്കാതെ പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസമാണ് മാധ്യമനിയന്ത്രണം സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനെതിരെ പത്രപ്രവർത്തക യൂണിയന്‍റെ മൗനമാണ് ശ്രദ്ധേയമാകുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള യൂണിയൻ സംസ്ഥാന നേതൃത്വം സർക്കാരിന്‍റെ മാധ്യമ നിയന്ത്രണത്തിൽ പ്രതികരിക്കാതെ മാറി നിൽക്കുന്നത് പത്രപ്രവർത്തകർക്കിടയിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. മുമ്പ് ആർ.എസ്.എസ് – സി.പി.എം നേതൃതല കൂടിക്കാഴ്ച നടന്ന മസ്‌ക്കറ്റ് ഹോട്ടലിൽ നിന്നും മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ആട്ടിയിറക്കിയിരുന്നു. ഇത്തേുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിന് ശേഷമാണ് അന്നും യൂണിയൻ മൗനം വെടിഞ്ഞത്. നിലവിൽ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി രണ്ടു ദിവസം കഴിഞ്ഞിട്ടും വിഷയത്തിൽ പ്രതികരിക്കാനോ പ്രതിഷേധം രേഖപ്പെടുത്തുവാനോ യൂണിയൻ മുതിർന്നിട്ടില്ല.

1957ൽ ഇ.എം.എസിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ആദ്യ ഇടതു സർക്കാരിന്‍റെ കാലത്ത് സമാനസംഭവം ഉടലെടുത്തിരുന്നു. അന്ന് സംസ്ഥാന സർക്കാരിന്‍റെആദ്യ പൂർണ ബജറ്റിലെ പ്രസക്തഭാഗങ്ങൾ കൗമുദി പത്രത്തിലൂടെ പുറത്തു വന്നിരുന്നു. ജൂൺ ഏഴിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇക്കാര്യം മുൻനിർത്തി അന്ന് റിപ്പോർട്ട് നൽകിയ ജി വേണുഗോപാലിനെതിരെയും പത്രാധിപർ കെ ബാലകൃഷ്ണനെതിനെയും ഔദ്യോഗിക രഹസ്യനിയമം ചോർത്തിയെന്ന കുറ്റത്തിന് ഇ.എം.എസ് കേസെടുത്തിരുന്നു. ബ്രീട്ടീഷ് സർക്കാർ ഇന്ത്യയിലെ മാധ്യമങ്ങളെ അടിച്ചമർത്താൻ കൊണ്ടുവന്ന നിയമം ആദ്യമായി ഉപയോഗിച്ചുവെന്ന കുപ്രസിദ്ധിയും ഇതോടെ ഇ.എം.എസിന് സ്വന്തമായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്തടക്കം കൊണ്ടുവന്ന മാധ്യമനിരോധനവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമനിരോധനത്തിനെതിരെ ശബ്ദമുയർത്തിയവർ തന്നെ മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയതും ഇപ്പോർ വിരോധാഭാസമായി.

വർഷങ്ങളോളം സി.പി.എം ഭരിച്ച ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മാധ്യമപ്രവർത്തകർക്ക് നേരെ സമാന സംഭവങ്ങൾ ഉടലെടുത്തിരുന്നു. കേരളത്തിലും മാറി വന്ന ഇടതു സർക്കാരുകളുടെ കാലത്ത് സി.പി.എം നിരന്തരമായി പത്രപ്രവർത്തകർക്കെതിരെ തിരിയുന്ന സംഭവങ്ങളുമുണ്ടായി. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പത്രസമ്മേളനങ്ങളിൽ വിരട്ടലും ഭീഷണിയും നടത്തിയിരുന്നു. ഇടതു സർക്കാരിനെതിരെ റിപ്പോർട്ടുകൾ നൽകുന്ന പത്രപ്രവർത്തകരുടെ പേരുകൾ താൻ പങ്കെടുക്കുന്ന സി.പി.എം പൊതുസമ്മേളനങ്ങളിൽ പരസ്യമായി പറയുമെന്ന ഭീഷണിയായിരുന്നു അന്ന് മുഴക്കിയിരുന്നത്. മാധയമപ്രവർത്തകർ എങ്ങനെ റിപ്പോർട്ടുകൾ നൽകണമെന്ന മാർഗനിർദേശവും ഇടയ്ക്കിടെ അദ്ദേഹം പത്രപ്രവർത്തകർക്ക് നൽകുമായിരുന്നു. എന്നാൽ അന്നൊന്നും ഇതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പത്രപ്രവർത്തകരും ഇടതു സാംസ്‌ക്കാരിക ബുദ്ധിജീവികളും തയാറായിരുന്നില്ല.

പിന്നിട് ഏ.കെ ആന്‍‌റണി സർക്കാരിന്‍റെ കാലത്ത് വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്ന വേളയിൽ ദൃശ്യമാധ്യമങ്ങളിലെ പത്രപ്രവർത്തകർക്ക് നിയമസഭയിലെത്തി റിപ്പോർട്ട് നൽകാൻ അവസരമൊരുങ്ങിയില്ല. ഇതോടെ മുഖ്യമന്ത്രി എ.കെ ആന്‍റണി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വാമൂടിക്കെട്ടി പ്രതിഷേധവും അരങ്ങേറി. തുടർന്ന് വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സി.പി.എമ്മിന്‍റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സർക്കാരിനെയും പാർട്ടിയെയും തമ്മിൽതെറ്റിക്കാൻ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഒരു പത്രപ്രവർത്തകന്‍റെ പേര് പരാമർശിച്ച് വിമർശനമുന്നയിച്ചതും ഏറെ വിവാദമുയർത്തിയിരുന്നു. അന്ന് സി.പി.എമ്മിലെ വിഭാഗീയതയുടെ റിപ്പോർട്ടുകൾ വസ്തുതാപരമായി പ്രസിദ്ധീകരിച്ചുവെന്നതായിരുന്നു മാധ്യമങ്ങൾക്കെതിരെയുള്ള കുറ്റം. അന്നും പത്രപ്രവർത്തക യൂണിയൻ ഏറെ മൗനം പാലിച്ച ശേഷമാണ് പേരിന് വിമർശനമുയർത്തിയത്.

തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ വിവാദങ്ങളുണ്ടായിട്ടും പക്ഷേ ഒരുതവണ പോലും മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നില്ല. വസ്തുതാപരമല്ലാത്ത വിവാദപരമായ പല റിപ്പോർട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടും അനാവശ്യ നിയന്ത്രണങ്ങൾക്കോ സെൻസർഷിപ്പിനോ സർക്കാർ മുതിർന്നില്ല. പിന്നീട് പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ നിരവധി തവണ മാധ്യമങ്ങളെ അവഹേളിച്ചും ആക്ഷേപിച്ചും രംഗത്തു വന്നിരുന്നു. അഭിഭാഷകരുമായി ഉടലെടുത്ത പ്രശ്‌നങ്ങളടക്കം പരിഹരിക്കാൻ സർക്കാർ ജാഗ്രത കാട്ടിയില്ല. പല വിഷയങ്ങളിലും വസ്തുത സ്വതന്ത്ര റിപ്പോർട്ടുകളിലൂടെ പുറത്തുവന്നതോടെ സി.പി.എമ്മിലെയും ഘടകകക്ഷികളിലെയുഗ ഒന്നിലധികം മന്ത്രിമാർക്ക് പുറത്തുപോകേണ്ട അവസ്ഥയും ഉടലെടുത്തു. പിന്നാലെയെത്തിയ ശബരിമല വിഷയത്തിലും സർക്കാരിനെതിരെ മാധ്യമങ്ങൾ ഒന്നടങ്കം തിരിഞ്ഞതും ഇപ്പോഴത്തെ മാധ്യമ നിയന്ത്രണത്തിന് ഒരു പരിധി വരെ കാരണമായി.

നിലയ്ക്കലിലടക്കം മാധ്യമപ്രവർത്തകരുടെ അവരുടെ വാഹനങ്ങളും അതിക്രമങ്ങൾക്കിരയായാപ്പോഴും പൊലീസ് ഇടപെട്ട് നടപടിയെടുത്തില്ല. ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്ന് തുടർച്ചയായി മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയും അക്രമവും ണ്ടായിട്ടും സർക്കാർ അനങ്ങിയില്ല. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്‍റെ അതേ നിലപാടാണ് സംസ്ഥാനത്ത് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരും പിന്തുടരുന്നത്. നിലവിലെ മാധ്യമനിയന്ത്രണ ഉത്തരവ് ഏറെ വിവാദമായിട്ടും അത് പിൻവലിക്കാനോ വിശദീകരണം നൽകുവാനോ മുഖ്യമന്ത്രിയും സർക്കാരും തയാറായിട്ടില്ല.