കണ്ണൂർ കോർപറേഷൻ വാർഷിക പദ്ധതി സമർപ്പിക്കാത്തത് വിവാദത്തിൽ. മേയറും ഉദ്യോഗസ്ഥരും വനിതാ മതിലിന്‍റെ തിരക്കിൽ ആയത് കൊണ്ടാണ് കണ്ണൂർ കോർപറേഷൻ 2019-20 വർഷത്തെ വാർഷിക പദ്ധതി സമർപ്പിക്കുന്നതില്‍ വീഴ്ച വന്നതെന്ന് പ്രതിപക്ഷം. പദ്ധതി സമർപ്പിച്ച് അംഗീകാരം നേടാൻ സർക്കാർ നിർദേശിച്ച അവസാന തീയതി ഡിസംബർ 31 ആയിരുന്നു.
2019 മെയ് മാസം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പദ്ധതി നിർവഹണം ഫലപ്രദമാകുന്നതിന് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇത്തവണ പദ്ധതി ആസൂത്രണം സർക്കാർ നേരത്തെയാക്കിയത്. അതിന്‍റെ അടിസ്ഥാനത്തിൽ ഡിസംബർ 31 ന് അകം പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിർദേശം. ഡിസംബർ 10 ന് പദ്ധതി സംബന്ധിച്ച് കണ്ണൂർ കോർപറേഷൻ വികസന സെമിനാർ നടത്തിയത് ഒഴിച്ചാൽ പിന്നീട് തുടർ നടപടികൾ ഒന്നും നടന്നില്ല.
മേയറും ഉദ്യോഗസ്ഥരും വനിതാ മതിലിൽ സംഘടിപ്പിക്കുന്നതിന്‍റെ തിരക്കിൽ ആയതിനാലാണ് വാർഷിക പദ്ധതി സമർപ്പിക്കുന്ന വീഴ്ച വന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. കോർപറേഷൻ അധികാരികളുടെ അലംഭാവം കാരണം പദ്ധതി നിർവഹണം തടസപ്പെടുമെന്നും പ്രതിപക്ഷം പറയുന്നു.