മഴക്കാലമെത്തിയിട്ടും രൂക്ഷമായ കടല്‍കയറ്റ ദുരന്തഭീതിയിലുള്ള ചെല്ലാനം കൊച്ചി തീരത്ത് യാതൊരു താല്‍കാലിക പ്രതിരോധ നടപടികളും സ്വീകരിക്കാത്ത എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നത്, തീരജനങ്ങളുടെ ജീവന് പുല്ലുവില കല്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ചെല്ലാനം കൊച്ചി ജനകീയവേദി.
കടല്‍കയറ്റം തടയുന്നതിനായി മെയ് പതിനഞ്ചിനകം ജിയോബാഗുകള്‍ കൊണ്ടുള്ള താല്‍കാലിക ഭിത്തികള്‍ പണിയുമെന്നും നികന്നു കിടക്കുന്ന തോടുകളിലെ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുമെന്നും ഏപ്രില്‍ 11 ന് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് കലക്റ്റര്‍ ഉറപ്പ് നല്കിയതാണെങ്കിലും യാതൊരു വിധ പ്രതിരോധ പ്രവര്ത്തനങ്ങളും ചെല്ലാനം കൊച്ചി തീരത്ത് ഇതുവരെ നടത്തിയിട്ടില്ല. ചെല്ലാനം കൊച്ചി ജനകീയവേദി ജനറല്‍ കണ്‍വീനര്‍ വി.ടി സെബാസ്റ്റ്യന്‍ പറഞ്ഞു. ചെല്ലാനം കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കടല്‍സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍തോടിനു വടക്കോട്ടുള്ള ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും താല്‍ക്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും മാനാശ്ശേരി-സൗദി-ബീച്ച്‌റോഡ് പ്രദേശങ്ങളെ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ വാള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയവേദി കടല്‍സമരം സംഘടിപ്പിച്ചത്.
പുത്തന്‍തോട് ഫിഷിങ് ഗ്യാപ്പില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്ത് കണ്ണമാലി ക്രിസ്തുരാജ പള്ളി വികാരി ഫാദര്‍ പ്രമോദ്, ചെല്ലാനം കൊച്ചി ജനകീയവേദി വര്‍ക്കിങ് ചെയര്‍ പേഴ്സണ്‍ അഡ്വ.തുഷാര്‍ നിര്‍മ്മല്‍, സുജഭാരതി എന്നിവര്‍ സംസാരിച്ചു. സമരത്തിന് നിഷ ബിനീഷ്, നെല്‍സണ്‍, ഡെല്‍സി ഫ്രാന്‍സിസ് , പുഷ്പി ജോസഫ്, ഷാജി പൊള്ളയില്‍, ജോസി കെ എ, ജോസ്ഫിന,ജെസ്സി ജോണ്‍, കുര്യന്‍ എ എല്‍, എല്‍സി മൈക്കിള്‍, മെറ്റില്‍ഡ ക്‌ളീറ്റസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി