ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ: വൻ മയക്കുമരുന്ന് വേട്ട; ഏഴു പേർ പോലീസ് പിടിയില്‍

Jaihind Webdesk
Saturday, August 3, 2024

 

എറണാകുളം: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. മുപ്പത് ഗ്രാമോളം രാസലഹരിയും, കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിലായി. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ, ചെരിയോലിൽ വിശാഖ്, അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ വിഷ്ണു സാജു , പുല്ലുവഴി പുളിയാംപിള്ളി പ്ലാം കുടി ആദിത്യൻ, വെങ്ങോല പുള്ളിയിൽ പ്രവീൺ , കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലശേരി പുതിയ പെട്ടയിൽ അപ്പു, ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി റിനാസ് എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്.

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം എംഡിഎംഎയും, കഞ്ചാവുമായി പിടിയിലാകുന്നത്. ബംഗളുരുവില്‍ നിന്നുമാണ് ഇവർ മയക്കുമരുന്നെത്തിച്ചത്. അവിടെ വിദേശിയരിൽ നിന്നാണ് രാസലഹരി വാങ്ങിയത്. വിമലും വിശാഖും സഹോദരങ്ങളാണ്. വെങ്ങോലയിലെ ഇവരുടെ വീട്ടിൽ വിഷ്ണു സാജുവും, റിനാസും കൂടി താമസിക്കുന്നുണ്ട്. ഈ വീട്ടിലെ മുറിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും തൂക്കി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. ഗ്രാമിന് പതിനായിരം രൂപയ്ക്കാണ് ഉഗ്രവിഷമുള്ള രാസലഹരി വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽപ്പന നടത്തിയിരുന്നത്. തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസും, പൊതിയാനുള്ള കവറും ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു.