കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ: സഹോദരിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെന്ന് സൂചന

Jaihind News Bureau
Friday, February 21, 2025

കൊച്ചി: കൊച്ചിയിലെ കാക്കനാട് കസ്റ്റംസ് കോട്ടേജിനകത്തെ വീട്ടിൽ ജിഎസ്ടി അഡീഷണൽ കമ്മീഷണർ മനീഷ് വിജയും കുടുംബാംഗങ്ങളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ജാർഖണ്ഡ് സ്വദേശികളായ മനീഷ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത് കൊണ്ടുവരാന്‍ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

വീട്ടിനകത്തുനിന്ന് ഹിന്ദിയിൽ എഴുതിയ ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച്, മനീഷും സഹോദരിയും അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നതാണ് സാധ്യത. ശാലിനിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് കുടുംബത്തെ മാനസികമായി തളർത്തിയതാകാമെന്ന് അന്വേഷണ സംഘം കരുതുന്നു.

ഒരാഴ്ചയായി മനീഷ് ഓഫീസിൽ എത്തിയിരുന്നില്ല. ഇതിൽ സംശയം തോന്നിയ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ദുരന്തം പുറംലോകമറിഞ്ഞത്. വീടിനകത്ത് കടന്നപ്പോൾ മനീഷിന്‍റെയും ശാലിനിയുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന്, കതക് തുറന്നതോടെ ശകുന്തള അഗർവാളിന്‍റെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കാണപ്പെട്ടു.

മൃതദേഹത്തിന് സമീപം പൂക്കൾ നിറച്ച വെള്ളത്തുണി വിരിച്ച നിലയിലുമായിരുന്നു. കൂടാതെ, അടുക്കളയിൽ ചില കടലാസുകൾ കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി. പ്രദേശവാസികൾ പറയുന്നത് ഇവർ അയൽക്കാരുമായി അധികം ഇടപെടാറില്ലായിരുന്നു എന്നതാണ്.

2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മനീഷ് വിജയ് അടുത്തിടെ കൊച്ചിയിലേക്ക് സ്ഥലംമാറ്റം നേടി എത്തിയതായിരുന്നു. സഹോദരി ശാലിനി, കഴിഞ്ഞ വർഷം ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന്‍റെ അന്വേഷണം പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.