കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടരുന്നു. എസ്എഫ്‌ഐഒ (SFIO) സംഘം സിഎംആർഎല്ലിന്‍റെ ആലുവ ഓഫീസിൽ ഇന്ന് വീണ്ടും പരിശോധന നടത്തും. കെഎസ്‌ഐസിഡിയിലെ ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘം ഉടൻ ശേഖരിക്കും.
ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘം കഴിഞ്ഞദിവസം മിന്നൽ റെയ്ഡ് നടത്തിയിരുന്നു. എസ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ സിഎംആര്‍എല്‍ ഓഫീസിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിച്ചത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി.