മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്

Jaihind Webdesk
Wednesday, January 10, 2024

 

കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ (68) തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. തെലങ്കാന ആസ്ഥാനമായുള്ള ഷംഷാബാദ് രൂപത ബിഷപ്പായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

മാർപാപ്പ അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ പേര് വത്തിക്കാന്‍റെ അനുമതിക്കായി സമർപ്പിച്ചിരുന്നു.