പ്രതിപക്ഷ നേതാവിന്‍റെ മറ്റൊരു ആവശ്യം കൂടി സർക്കാർ അനുവദിച്ചു; കെബിഎഫ് വ്യവസ്ഥ പ്രകാരമുള്ള എല്ലാ ചികിത്സ സഹായവും രണ്ടു മാസത്തേക്ക് കൂടി നീട്ടി

Jaihind News Bureau
Tuesday, March 31, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറ്റൊരു ആവശ്യം കൂടി സർക്കാർ അനുവദിച്ചു. കാരുണ്യ ബെനവലന്‍റ് ഫണ്ട് (കെബിഎഫ്) വ്യവസ്ഥ പ്രകാരമുള്ള എല്ലാ ചികിത്സ സഹായവും രണ്ടു മാസത്തേക്കുകൂടി നീട്ടി സർക്കാർ ഉത്തരവിറക്കി.

ലോട്ടറി വകുപ്പു വഴിയുള്ള കെബിഎഫ് ചികിത്സാ സഹായം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് മേയ് 31 വരെ തുടരാൻ തീരുമാനമായത്. ഇതോടെ സഹായത്തിന് മുട്ടാന്‍ വാതിലുകളില്ലാതെ പ്രതിസന്ധിയിലാവുമായിരുന്ന നിത്യരോഗികളുൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾക്കാണ് താൽക്കാലിക പരിഹാരമായത്.

കഴിഞ്ഞ വർഷം ജൂലൈ 31ന് കെബിഎഫ് (കാരുണ്യ ബെനവലന്റ് ഫണ്ട്) നിർത്തലാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചിരുന്നു. ഇതിൽ നിന്നും ഇന്നു വരെയായിരുന്നു ചികിത്സ സഹായം ലഭ്യമായിരുന്നത്. അതും കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത് ചികിത്സ ആരംഭിച്ചവർക്കു മാത്രം. ജീവനക്കാരെ ഉൾപ്പെടെ പിൻവലിച്ചതോടെ കെബിഎഫ് വഴിയുള്ള ചികിത്സതുടരേണ്ടെന്ന് ആശുപത്രികളും തീരുമാനിച്ചു. ‘കാസ്പി’ൽ രക്തജന്യ രോഗികൾക്ക് ചികിൽസയും ലഭ്യമായിരുന്നില്ല.