മൻസൂർ വധം : മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി കസ്റ്റഡിയില്‍ ; ആകെ പിടിയിലായത് 7 പേർ

Jaihind Webdesk
Thursday, April 15, 2021

കണ്ണൂർ : പാനൂർ മൻസൂർ വധക്കേസില്‍ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിൽ. കൃത്യത്തിന് നേതൃത്വം കൊടുത്ത വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മൻസൂറിനെ ബോംബെറിഞ്ഞയാളാണ് പിടിയിലായ വിപിൻ.

മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.  പാലത്തിന് സമീപത്തെ വീട്ടിലായിരുന്നു ഇരുവരും ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. പുല്ലൂക്കര സ്വദേശി വിപിൻ ആണ് മൻസൂറിനെ ബോംബെറിഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കും കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ട്. ഇരുവരുടെയും അറസ്റ്റോടെ
കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായി.

ഒന്നാം പ്രതി ഷിനോസ്,ശ്രീരാഗ്, അശ്വന്ത്, അനീഷ്, ബിജേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന രതീഷിനെ ചെക്യാട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. കണ്ണൂർ – കോഴിക്കോട് ജില്ലാ അതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതികൾ ഒളിവിൽ താമസിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പല ഇടങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റുള്ള പ്രതികളെ കണ്ടെത്താനായില്ല. ഇതിനിടയിൽ പ്രതികൾ ഒളിത്താവളം മാറുകയും ചെയ്തു. മോന്താൽ പാലത്തിന് സമീപത്തെ വീട്ടിൽ പ്രദേശവാസികള്‍ അല്ലാത്ത യുവാക്കൾ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.