കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും. ഇരയുടെ മൊഴിപോലും വിചാരണക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മകളെ ഉപയോഗിച്ച് പ്രതിയായ ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി കോടതി ഒഴിവാക്കിയെന്ന കടുത്ത ആരോപണവും വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ ഉന്നയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ 34 -ാം സാക്ഷി ആണ്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത് കഴിഞ്ഞ ഫെബ്രുവരി 27 ന് ആണ്. അടച്ചിട്ട കോടതി മുറിയില്‍ വളരെ രഹസ്യമായായിരുന്നു മൊഴി രേഖപ്പെടുത്തല്‍. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവിന്റെ മൊഴി. ഇക്കാര്യം മഞ്ജു വാര്യര്‍ വിസ്താരവേളയില്‍ വിചാരണ കോടതിയെ അറിയിച്ചെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയാറായില്ലെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്താന്‍ വിചാരണ കോടതി തയാറായില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. വിചാരണ കോടതി മാറ്റണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവെക്കാൻ ഉത്തരവിട്ടു. വെള്ളിയാഴ്ച കേസ് വീണ്ടും കേസ് പരിഗണിക്കും.