മഞ്ചേശ്വരത്ത് വോട്ടെടുപ്പ് സമാധാനപരം; പോളിംഗ് ശതമാനം 75.82

മഞ്ചേശ്വരം മണ്ഡലത്തിൽ പോളിംഗ് സമാധാനപരം. 198 ബൂത്തുകളിലായി കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പോളിംഗ് നടന്നത്. 75.82 ശതമാനമാണ് മഞ്ചേശ്വരത്ത് പോളിംഗ് രേഖപ്പെടുത്തിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രകടമായത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീനും, എൻ.ഡി.എ സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറിനും മണ്ഡലത്തിൽ വോട്ടില്ലെങ്കിലും രാവിലെ മുതൽ തന്നെ പരമാവധി വോട്ടർമാരെ കാണാനുള്ള തിരക്കിലായിരുന്നു. ഇടത് മുന്നണി സ്ഥാനാർത്ഥി എം ശങ്കർ റൈ അംഗഡി മൊഗർ സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി.

മണ്ഡലത്തിലെ 198 ബൂത്തുകളിൽ 20 എണ്ണത്തിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാനായി 198 വനിതാ പോളിംഗ് അസിസ്റ്റന്‍റുമാരെയും നിയമിച്ചിരിന്നു. സമാധാനപരമായ വോട്ടെടുപ്പിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

pollingmanjeswaram
Comments (0)
Add Comment