“ഭരണഘടനാപരമായ എന്ത് മാതൃകയാണ് ബിജെപി രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്?”; ലോക്സഭയില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മനീഷ് തിവാരി

Jaihind Webdesk
Tuesday, August 6, 2019

ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും ഉള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന് നിരവധി തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി ബി.ജെ.പി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ ഘടനയ്ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകില്ലെന്നും മനീഷ് തിവാരി ലോക്സഭയില്‍ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം മഹാരാജ ഹരി സിംഗ് നയിച്ചിരുന്ന ജമ്മു കശ്മീരിനെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരായിരുന്നു.  ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല ഉള്ളത്. അതില്‍ ആര്‍ട്ടിക്കിള്‍ 371 എ മുതല്‍ 1 വരെ ഉണ്ട്.  നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍, ആന്ധ്ര, സിക്കിം തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അവ നല്‍കുന്നുണ്ട്.  ഇപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയിരിക്കുന്നത് വഴി എന്ത് സന്ദേശമാണ് ആ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 371 നാളെ റദ്ദാക്കിയേക്കാം,  അവിടെയെല്ലാം രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാം. ഏത് തരത്തിലുള്ള ഭരണഘടനാപരമായ മാതൃകയാണ് ബിജെപി രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി ചോദിച്ചു.

തെലങ്കാനയെയും ആന്ധ്രയെയും വിഭജിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തെ അന്ന് ബി.ജെ.പി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അന്ന് സര്‍ക്കാരുമായി സംസാരിച്ചിരുന്നുവെന്നും, അത് പാര്‍ലമെന്‍റിന്‍റെ രേഖയിലുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ജമ്മു കശ്മീരിന്‍റെ കാര്യത്തില്‍ ബിജെപി ഭരണഘടനയെ വരെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മനീഷ് തിവാരി പറഞ്ഞു.