ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിന് തകർപ്പൻ ജയം

Jaihind News Bureau
Friday, December 27, 2019

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലി ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യൂണൈറ്റഡ് ജയം നേടിയത്. ഓൾഡ്ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഡിഫൻസുകളുടെ പിഴവാണ് ന്യൂകാസിലിനെ പരാജയത്തിലേക്ക് നയിച്ചത്

ബോക്‌സിംഗ് ഡേയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മാനങ്ങൾ ഡിഫൻസീവ് പിഴവുകളുടെ രൂപത്തിലാണ് ലഭിച്ചത്. ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് തിരിച്ചടി. ലോങ്സ്റ്റഫായിരുന്നു ന്യൂകാസിലിനെ മുന്നിൽ എത്തിച്ചത്. ന്യൂകാസിൽ ലീഡ് എടുക്കുന്നത് വരെ അഴഞ്ഞു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് ഉണർന്നു. ഒന്നിനു പിറകെ ഒന്നായി ഗോളുകൾ വന്നു.

ആദ്യം മാർഷ്യലിന്റെ വക സമനില ഗോൾ. പിന്നാലെ യുവതാരം ഗ്രീൻവുഡിന്റെ ബുള്ളറ്റ് ഷോട്ടിലൂടെ രണ്ടാം ഗോൾ. അതിനു പിറകെ റാഷ്‌ഫോർഡിന്റെ ഹെഡർ. ആദ്യ പകുതിക്ക് പിരിയുമ്പോൾ 3-1ന് യുണൈറ്റഡ് മുന്നിൽ.

രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ മാർഷ്യൽ വലകുലുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം ആഘോഷിച്ചു.

ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 28 പോയിന്‍റുമായി ലീഗിൽ ഏഴാമത് എത്തി.