മാനസയുടെ കൊലപാതകം : അറസ്റ്റിലായ പ്രതികളെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു

Jaihind Webdesk
Monday, August 16, 2021

 

കൊച്ചി : കോതമംഗലത്ത് ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസില്‍ ബിഹാറില്‍ നിന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു. പ്രതികളായ മനീഷ് കുമാർ, സോനു കുമാർ എന്നിവരെയാണ് ഐ.ബി ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട നിലവിൽ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയും പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനീഷ് കുമാറുമാണ് പിടിയിലായത്. കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഐ.ബി യുടെ ചോദ്യം ചെയ്യൽ.

കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ ഞെട്ടിച്ച മാനസ കൊലപാതകം നടന്നത്. കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളേജില്‍ ഹൗസ് സർജന്‍സി ചെയ്യുകയായിരുന്ന പി.വി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.