മാനസയുടെ കൊലപാതകം : ബിഹാറില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്തെത്തിക്കും

Jaihind Webdesk
Sunday, August 8, 2021

 

കൊച്ചി : കോതമംഗലം കൊലപാതകവുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും ഇന്ന് കേരളത്തിലെത്തിക്കും. രാഖിലിന് തോക്ക് നല്‍കിയ സോനു കുമാർ മോദി, രാഖിലിനെ സോനു കുമാറിന് അരികിലെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ എന്നിവരാണ് ഇന്നലെ പിടിയിലായത്. വൈകിട്ട് 6 മണിയോടെ നെടുമ്പാശേരി അന്താരാഷ്ട വിമാനത്താവളത്തിലെത്തുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ ഓഫീസിൽ ഹാജരാക്കും.

ഡെന്‍റല്‍ വിദ്യാർത്ഥി മാനസയെ കൊലപ്പെടുത്തിയ തോക്ക് പ്രതിക്ക് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു കുമാർ മോദി, മനേഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇന്ന് വൈകിട്ടോടെ വിമാനമാര്‍ഗം നെടുമ്പാശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രാഖിലിന് പിസ്റ്റള്‍ നല്‍കിയത് ബിഹാർ സ്വദേശി സോനു കുമാറാണ്. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാർ. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്‍റെ അടുത്തെത്തിച്ചത് മനേഷ്‌കുമാറായിരുന്നു. ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ ഞെട്ടിച്ച മാനസ കൊലപാതകം നടന്നത്. കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളേജില്‍ ഹൗസ് സർജന്‍സി ചെയ്യുകയായിരുന്ന പി.വി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.