നയിക്കാന്‍ ഖാർഗെ; കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാവിലെ 10.30 ഓടെയാണ് ഖാർഗെ അധ്യക്ഷനായി ഔദ്യോഗികമായി സ്ഥാനമേറ്റത്. രണ്ട് തവണകളായി 22 വർഷക്കാലം കോൺഗ്രസിനെ നയിച്ച സോണിയാ ഗാന്ധി പ്രസിഡന്‍റ് പദവി ഖാർഗെയ്ക്ക് കൈമാറി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് സമിതി ചെയർമാന്‍ മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സർട്ടിഫിക്കറ്റ് ഖാർഗെയ്ക്കു കൈമാറി. ഒക്ടോബർ 17 നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ശശി തരൂരാണ് ഖാർഗെയ്ക്ക് എതിരെ മത്സരിച്ചത്.  ഉള്‍പ്പാർട്ടി ജനാധിപത്യത്തിന്‍റെ സൗന്ദര്യം ഉദ്ഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ 7,897 വോട്ടുകള്‍ക്കാണ് ഖാർഗെ വിജയിച്ചത്. ഖാര്‍ഗെയ്ക്കൊപ്പം മത്സരിച്ച ശശി തരൂര്‍ 1072 വോട്ടുകളും നേടി. ആകെ 9385 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 416 എണ്ണം അസാധുവായി.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി  രാജ്ഘട്ടിൽ എത്തി ഖാർഗെ പുഷ്പാർച്ചന നടത്തി. ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, ഗുജറാത്ത് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.

 

Comments (0)
Add Comment