പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ചവരിൽ ഒരാൾ മലയാളി. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കം 44 പേരാണ് ഇന്നലത്തെ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം അറിയുന്നത്. വി വി വസന്തകുമാറെന്ന ഒരാൾ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു കുടുംബത്തിന് അറിയാൻ കഴിഞ്ഞത്. വസന്തകുമാറിന്റെ ബറ്റാലിയൻ നമ്പർ അറിയാത്തതിനാൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നും സഹോദരൻ സജീവൻ പറഞ്ഞു.
എന്നാൽ കുറച്ച് സമയങ്ങൾക്കുള്ളിൽ വാട്സാപ്പിൽ വസന്തകുമാറിൻറെ ഫോട്ടോ ആക്രമണത്തിൽ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചത്. ബറ്റാലിയൻ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാർ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്. പതിനെട്ട് വർഷത്തെ സൈനീക സേവനം പൂർത്തയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങവേയാണ് ആക്രമണത്തിൽ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയൻ മാറ്റം ലഭിച്ചത്. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനിൽ ചേർന്നതിന് പുറകേയാണ് ദുരന്തവാർത്തയെത്തിയത്. വസന്തകുമാറിൻറെ അച്ഛൻ മരിച്ച് ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷമാണ് വസന്തകുമാറിൻറെ മരണം.