‘ജനപ്രിയ നായകന്‍റെ’ വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിന്‍റെ ക്ലൈമാക്‌സ് കാത്ത് മലയാളക്കര

Jaihind News Bureau
Monday, December 8, 2025

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ഒരു കേസിന്റെ വിധിയാണ് ഇന്ന് വരാനിരിക്കുന്നത്. ‘ജനപ്രിയ നായകന്‍’ എന്ന് ആരാധകര്‍ വിളിച്ച ഒരു നടന്‍ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ എട്ടാം പ്രതിയായി മാറിയതിന്റെ കഥയാണിത്. പി. ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ച മലയാളക്കര ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു, നീണ്ട 8 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമുള്ള കോടതിയുടെ അന്തിമ വിധിക്ക് വേണ്ടി.

മിമിക്രിയിലൂടെ സിനിമയിലെത്തി. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ‘സല്ലാപം’ പോലുള്ള ചിത്രങ്ങളിലൂടെ നായകനായി വളര്‍ന്നു. ദിലീപ് തൊട്ടതെല്ലാം പൊന്നായി. ‘പഞ്ചാബി ഹൗസ്’, ‘മീശ മാധവന്‍’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അദ്ദേഹം മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി. സ്വന്തമായി തിയേറ്ററുകളും, നിര്‍മ്മാണ-വിതരണ കമ്പനികളും, സിനിമാ സംഘടനകളിലെ സ്വാധീനവും അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. എന്നാല്‍, 2017 ഫെബ്രുവരി 17-ന് എല്ലാം മാറിമറിഞ്ഞു. മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ട സംഭവം. ആദ്യം പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായി.

നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. പിന്നാലെ 2017 ജൂലൈ പത്തിന് ഉശഹലലു അറസ്റ്റിലായി. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി, കേസിലെ എട്ടാം പ്രതിയായിട്ടാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിന് അതിജീവിതയോട് പക ഉണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്ന് ദിലീപ് സംശയിച്ചതാണ് ആക്രമണത്തിന് കാരണമെന്നും, നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ചെറിയ ഇടവേളക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തി. എന്നാല്‍, നീണ്ട വിചാരണ കാലയളവില്‍ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു.

നടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ 28 സാക്ഷികള്‍ വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞ് കൂറുമാറി. ഇതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസില്‍ തുടരന്വേഷണത്തിന് വഴിയൊരുക്കി. കേസ് മലയാള സിനിമയില്‍ വലിയ ചലനങ്ങളുണ്ടാക്കി. മലയാള സിനിമയിലെ ആണധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് അഥവാ wcc രൂപം കൊണ്ടതും, സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഈ കേസിന്റെ ഫലമായിരുന്നു. 2024 ഡിസംബര്‍ 11-ന് കേസില്‍ അന്തിമവാദം ആരംഭിച്ചു. ജനപ്രിയ നടന്‍ സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന അപൂര്‍വ്വമായ കേസില്‍, നീതിപീഡത്തിന്റെ വിധിന്യായം എന്താകുമെന്ന് അറിയാനാണ് സിനിമാ ലോകവും കേരള സമൂഹവും കാത്തിരിക്കുന്നത്. കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുകയാണെങ്കില്‍, അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് തന്നെ തിരശീല വീണേക്കാം.