‘ബ്രൂവറി ബൂമറാംഗ്’ വിജയൻ തോറ്റു; അടിപതറി സർക്കാർ

Jaihind Webdesk
Monday, October 8, 2018

സംസ്ഥാനത്ത് പുതിയതായി അനുവദിച്ച ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റുകൾക്ക് അനുമതി റദ്ദാക്കിയത് ഇടത്‌ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയമായും ഭരണപരമായും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണമായും ശരിവെക്കുന്ന തരത്തിലാണ് സർക്കാരിന്‍റെ നിലവിലെ തീരുമാനം. പുതിയ മദ്യഉല്‍പാദനശാലകൾക്ക് അനുമതി നൽകി ഉത്തരവിറങ്ങിയത് മുതൽ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളാണ് ഫലത്തിൽ വിജയം കണ്ടത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതിയംഗവുമായ ഉമ്മൻ ചാണ്ടി എന്നിവർ ആദ്യഘട്ടത്തിൽ തന്നെ ഇതിലെ അഴിമതിയും സുതാര്യതക്കുറവും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഓരോ ദിവസും അനുമതിക്ക് പിന്നിലെ അഴിമതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പ്രതിപക്ഷം പുറത്തു കൊണ്ടുവന്നതോടെ ക്രമവിരുദ്ധമായി നൽകിയ അനുമതി പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി.

മദ്യവർജനമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത മദ്യനയത്തിൽ വെള്ളം ചേർത്തതോടെ മുന്നണിക്കുള്ളിലും ഇതേപ്പറ്റി അമർഷമുണ്ടായിരുന്നു. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളും ഇതിൽ എതിർപ്പറിയിച്ചിരുന്നു. മുന്നണിയോഗത്തിൽ ആലോചിക്കാതെ ഇത്തരത്തിലൊരു തീരുമാനം സർക്കാരിന് എങ്ങനെ നടപ്പാക്കാനാവുമെന്നായിരുന്നു ഘടകകക്ഷികൾ ഉയർത്തിയ ചോദ്യം. വേണ്ടത്ര ആലോചനയില്ലാതെ നൽകിയ അനുമതി തിടുക്കത്തിലായെന്നുമായിരുന്നു സി.പി.ഐയുടെ വിമർശനം. ഇതിന് പുറമേ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം നേതൃയോഗങ്ങളിൽ ബ്രൂവറികൾക്കുള്ള അനുമതി സംബന്ധിച്ച് രൂക്ഷമായ വാക്‌പോര് നടന്നതായും സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെ പ്രത്യക്ഷത്തിൽ ആരോപണമുയർന്നില്ലെങ്കിലും പുതിയ മദ്യഉല്‍പാദനശാലകൾക്ക് അനുമതി നൽകിയ വിഷയത്തിൽ കടുത്ത വിമർശനമാണുണ്ടായത്. പുതിയ മദ്യഉല്‍പാദനശാലകൾക്ക് അനുമതിക്കുള്ള അപേക്ഷകൾ എങ്ങനെയാണ് ക്ഷണിച്ചതെന്നതിനെപ്പറ്റി ആർക്കും വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണനടക്കമുള്ള ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. പാലിക്കേണ്ട പല നടപടിക്രമങ്ങളും കാറ്റിൽപറത്തിയായിരുന്നു പുതിയ ബ്രൂവറികൾക്ക് അനുമതി നൽകിയത്.

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികൾ ഇനി വേണ്ടെന്ന് 1999-ൽ മന്ത്രിസഭായോഗമെടുത്ത തീരുമാനം നിലനിൽക്കെയായിരുന്നു പുതിയ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും ധൃതിപിടിച്ച് സർക്കാർ അനുമതി നൽകിയത്. ഇതടക്കമുള്ള വിഷയങ്ങളും കിൻഫ്രയിൽ പുതിയ മദ്യഉത്പാദനശാലകൾക്ക് ക്രമവിരുദ്ധമായി ഭൂമി അനുവദിച്ചതും പ്രതിപക്ഷം പുറത്തെത്തിച്ചതോടെ സർക്കാർ വെട്ടിലായി. സി.പി.എമ്മിന്‍റെ പല ഉന്നതനേതാക്കളിലേക്കും ഇതിന്‍റെ ചരടുകൾ നീണ്ടുകിടക്കുന്നുവെന്ന വസ്തുതാപരമായ ആരോപണം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തിറങ്ങി.

ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി പ്രതിപക്ഷം കൂടുതൽ സമരപരമ്പകൾക്ക് രംഗത്തിറങ്ങുമെന്ന് ഉറപ്പായതോടെ സർക്കാർ അനുമതി പിൻവലിച്ച് വിഷയത്തിൽ നിന്നും തടിയൂരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്ക് കൃത്യവും സുവ്യക്തവുമായ മറുപടി പോലും നൽകാൻ എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ നൽകിയ അനുമതി പിൻവലിച്ചതോടെ ഇതിനു പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ സി.പി.എമ്മും മദ്യലോബിയുമായുള്ള വഴിവിട്ട ബന്ധങ്ങളും ഇതിൽ ഉൾപ്പെട്ട കോടികളുടെ കണക്കും പുറത്തുവരുമെന്നാണ് വിലയിരുത്തലുള്ളത്.

-അരവിന്ദ് ബാബു-