കയ്യാങ്കളിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി ; പ്രതികള്‍ വിചാരണ നേരിടണം

Jaihind Webdesk
Wednesday, July 28, 2021

ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സർക്കാരിന് വന്‍ തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ അന്നത്തെ പ്രവര്‍ത്തനം ഭരണഘടനാലംഘനമാണെന്നും ജനപ്രതിനിധികള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കേസുകള്‍ ചെയ്യാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇ.പി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെ.ടി ജലീൽ, മുൻ എംഎൽഎമാരായ സി.കെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ്  കേസിലെ പ്രതികള്‍.

അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015ൽ ബജറ്റ് അവതരണത്തിൽ നിന്ന് അന്നത്തെ ധനമനന്ത്രി കെ.എം മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. സ്പീക്കറുടെ ഡയസുൾപ്പെടെ അന്ന് അടിച്ചുതകർത്തിരുന്നു. അന്ന് യുഡിഎഫിൽ ആയിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ഇന്ന് എൽഡിഎഫിന്‍റെ ഭാഗമാണ്. വാദത്തിനിടെ കെഎം മാണി അഴിമതിക്കാരൻ ആണെന്ന പരാമർശം സർക്കാർ അഭിഭാഷകൻ നടത്തിയത് വിവാദമായിരുന്നു.