ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനുള്ള വലിയ ശ്രമം അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) വെള്ളിയാഴ്ച പുലര്‍ച്ചെ പരാജയപ്പെടുത്തി. ജെയ്ഷെ-മുഹമ്മദുമായി (ജെഇഎം) ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മെയ് 8 ന് രാത്രി 11 മണിയോടെ സാംബ അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായ നീക്കം ബിഎസ്എഫ് സൈനികര്‍ കണ്ടെത്തിയതോടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
‘2025 മെയ് 8 ന് രാത്രി 11 മണിയോടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരു വലിയ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി,’ എന്ന് ബിഎസ്എഫ് എക്സിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഏഴ് ഭീകരരെ വധിക്കുകയും പാകിസ്ഥാന്‍ പോസ്റ്റായ ധന്ധറിന് ബിഎസ്എഫ് സൈനികര്‍ വലിയ നാശനഷ്ടം വരുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ അതിവേഗം വര്‍ധിക്കുന്നതിനിടെയാണ് ഈ സംഭവം. വ്യാഴാഴ്ച, ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ ഒന്നിലധികം സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടാനുള്ള പാകിസ്ഥാന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ ആക്രമണം നടത്തി ഏകദേശം 100 ഭീകരരെ വധിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ഈ ആക്രമണ ശ്രമം. പ്രധാനമായും വിനോദസഞ്ചാരികളായ 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായിരുന്നു ഈ ആക്രമണം.