മാഹി ബൈപ്പാസ് പാലം തകര്‍ന്ന സംഭവം; അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് രമേശ് ചെന്നിത്തലയുടെ  കത്ത്

തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട നെട്ടൂരിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്‍റെ നാല് ബീമുകള്‍ തകര്‍ന്നു വീണതിന്‍റെ പശ്ചാത്തലത്തില്‍ ഈ പണിയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്ത് നല്‍കി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 26 നാണ് 43 മീറ്റര്‍ നീളമുള്ള നാല് ബീമുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിന് പോയ സമയത്തായതിനാല്‍ ആളപായമുണ്ടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. 1181 കോടി രൂപയുടേതാണ് 8.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി ബൈപ്പാസ് പ്രോജക്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണി നടത്തുന്നത്. കൊച്ചിയിലെ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍സ് ആണ് കരാറുകാര്‍.

സംഭവത്തെത്തുടര്‍ന്ന് ആഗസ്റ്റ് 28 ന് താന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.  നിര്‍മ്മാണത്തിലെ വൈകല്യമാണ് അപകടത്തിന് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ മേല്‍ നോട്ടത്തില്‍ നടന്ന പണിയില്‍ വ്യക്തമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ട്.  ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ബൈപ്പാസ് വഴി കടന്നു പോവുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് അത് ഭീഷണിയാവും. ഈ പ്രോജക്ടിലെ മുഴുവന്‍ പണിയെക്കുറിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Ramesh Chennithala
Comments (0)
Add Comment