കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർകാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജാമ്യം റദ്ദാക്കിയ വിചാണക്കോടതി നടപടിയിൽ വരുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് വിചാരണക്കോടതി റദ്ദാക്കിയത്. ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചാണ് വിചാരണക്കോടതി ജഡ്ജി കെ.എം രതീഷ് കുമാർ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കോടതിയിൽ ഹാജരായ 3 പേരെ റിമാൻഡ് ചെയ്തു. മറ്റു 9 പേർക്കായി വാറന്‍റ് പുറപ്പെടുവിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരാഴ്ച അനുവദിക്കണമെന്ന പ്രതിഭാഗത്തിന്‍റെ ഹർജി കോടതി തള്ളി. ഇതിനിടെ മറ്റ് പ്രതികൾ ഒളിവിൽപ്പോയി.
എന്നാല്‍ ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെയാണ് വിചാരണക്കോടതിക്ക് റദ്ദാക്കാൻ സാധിക്കുക എന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നും നിർദേശിച്ചു. കക്ഷികളെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്ന് വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന് പോലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.